ഇബ്രാഹിം ഹാജിയുടെ ആത്മഹത്യ: വടകര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി ഡിവൈഎഫ്ഐ
.
കോൺഗ്രസ് നേതാവിൻ്റ വീട്ടിൽ വയോധികൻ ആത്മഹത്യ ചെയ്ത കേസിൽ കുറ്റക്കാരായവർക്കെതിരെ പോലീസ് നടപടി വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. കടത്തനാട് ലേബർ കോൺട്രാക്റ്റ് സൊസൈറ്റി നിക്ഷേപകനായ ഇബ്രാഹിം ഹാജിയുടെ മരണത്തിൽ കുറ്റക്കാരായവരെ ചോദ്യം ചെയ്യാൻ, പോലീസ് തയ്യാറായിട്ടില്ല. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ വടകര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ. അരുൺ മാർച്ച് ഉദ്ഘാടനം ചെയ്തു.

സൊസൈറ്റി ഭാരവാഹിയായിരുന്ന കോഴിക്കേട് ഡിസിസി സെക്രട്ടറി സുധീർ കുമാർ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. സുധീർ കുമാറിൻ്റെ വീട്ടിലെത്തിയാണ് ഇബ്രാഹിം ഹാജി തീ കൊളുത്തി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. യുഡിഎഫ് സൊസൈറ്റിക്കെതിരായ ഇബ്രാഹിം ഹാജിയുടെ ശബ്‌ദ സന്ദേശം പുറത്ത് വന്നിട്ടും പോലീസ് അനങ്ങാത്തതിൽ പ്രതിഷേധം ശക്തമാണ്. സൊസൈറ്റി നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും കൂടുതൽ പരാതികൾ ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.




