കാന്‍സറുണ്ടാകാന്‍ കാരണമാകുന്ന ജീവിത ശൈലികളെക്കുറിച്ച് അറിഞ്ഞിരിക്കാം
.
വാര്‍ദ്ധക്യംകൊണ്ടോ ജനിതക ഘടകങ്ങള്‍ കൊണ്ടോ ഉണ്ടാകുന്ന ഒരു രോഗമാണ് കാന്‍സര്‍ എന്നാണ് വളരെക്കാലമായി ആളുകള്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ പുതിയ ഗവേഷണങ്ങള്‍ ഈ ചിന്താഗതിയെ മാറ്റുകയാണ്. നേച്ചര്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ഏകദേശം 40 ശതമാനം കാന്‍സര്‍ കേസുകളും, കാന്‍സര്‍ മരണങ്ങളില്‍ പകുതിയോളവും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെ ഒഴിവാക്കാന്‍ കഴിയുന്നവയാണെന്ന് പറയപ്പെടുന്നു.

വിദഗ്ധരുടെ അഭിപ്രായത്തില്‍, കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന നിരവധി ശീലങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. വൈകി ഉറങ്ങുക, മണിക്കൂറുകളോളം ഒരിടത്തുതന്നെ ഇരിക്കുക, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുക, സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ അവഗണിക്കുക, ശാരീരിക പ്രവര്‍ത്തനങ്ങളുടെ (വ്യായാമം) അഭാവം എന്നിവയെല്ലാം ക്രമേണ ശരീരത്തെ ബാധിക്കുന്നു. ഇതുകൊണ്ടുണ്ടാകുന്ന ദോഷങ്ങളൊന്നും തുടക്കത്തില്‍ ദൃശ്യമാകണമെന്നില്ല. പക്ഷേ വര്‍ഷങ്ങളായി, ഈ ശീലങ്ങള്‍ പിന്തുടരുന്നത് ഗുരുതരമായ രോഗങ്ങളിലേക്ക് നയിച്ചേക്കാം.

പുകയില ഉപയോഗം, പൊണ്ണത്തടി, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം, വായു മലിനീകരണം എന്നിവയാണ് കാന്‍സറുണ്ടാകാനുള്ള കാരണങ്ങളെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പറയുന്നു. ജീവിതശൈലിയുമായി ബന്ധപ്പെട്ട കാന്‍സര്‍ കേസുകളില്‍ ഇന്ത്യയിലും സ്ഥിരമായ വര്‍ദ്ധനവ് കാണുന്നു.

കാന്‍സര്‍ പ്രായമായവരുടെ മാത്രം രോഗമല്ല. മുമ്പ് 50 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരില്‍ കൂടുതലായി കണ്ടിരുന്ന ക്യാന്‍സര്‍ ഇന്ന് ചെറുപ്പക്കാരിലും വര്‍ദ്ധിച്ചുവരികയാണ്. പുകവലി, മദ്യപാനം, പൊണ്ണത്തടി, മോശം ഭക്ഷണക്രമം, വ്യായാമക്കുറവ്, മലിനീകരണം, നിരന്തരമായ സമ്മര്‍ദ്ദം തുടങ്ങിയ ഘടകങ്ങള്‍ എല്ലാ പ്രായത്തിലുമുള്ള ആളുകളിലും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
യുഎസ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ പ്രകാരം ശരീരത്തിലെ അധിക കൊഴുപ്പ് സ്തന, വന്‍കുടല്‍, ഗര്‍ഭാശയ, വൃക്ക, കരള്‍, പാന്‍ക്രിയാസ് കാന്‍സര്‍ എന്നിവയുള്‍പ്പെടെ നിരവധി തരം കാന്‍സറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. വളരെക്കാലം മോശം ജീവിതശൈലി പിന്തുടരുമ്പോള്‍ ശരീരത്തിലെ ആന്തരിക വീക്കം വര്‍ദ്ധിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഈ വീക്കം ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കാന്‍സറിന് അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും.
പുകയില ഇപ്പോഴും കാന്‍സറിന്റെ പ്രധാന കാരണമാണ്. ഇത് ശ്വാസകോശങ്ങളെ മാത്രമല്ല വായ, തൊണ്ട, ആമാശയം, വൃക്കകള്‍, മൂത്രസഞ്ചി, മറ്റ് നിരവധി അവയവങ്ങളെയും ബാധിക്കുന്നു. അതേസമയം പാസീവ് സ്‌മോക്കിംഗും ഒരുപോലെ അപകടകരമാണ്. കൂടാതെ, വായു മലിനീകരണം അതിവേഗം ഉയര്‍ന്നുവരുന്ന ഒരു ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് നഗരവാസികള്‍ക്ക്.
കാന്‍സര്‍ തടയാന്‍ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക, പതിവായി വ്യായാമം ചെയ്യുക, പഴങ്ങളും പച്ചക്കറികളും കഴിക്കുക, പുകയിലയുടെ ഉപയോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുക, മദ്യപാനം പരിമിതപ്പെടുത്തുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക, മതിയായ ഉറക്കം നേടുക എന്നിവ വളരെ പ്രധാനമാണ്.



