പാരിയത്ത് കാവ് പട്ടികജാതി ഉന്നതിയിലെ വീടുകളില്‍ പൊലീസ് നടത്തിയ അക്രമം പ്രതിഷേധാർഹം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍
എറണാകുളം പാരിയത്ത് കാവ് പട്ടികജാതി ഉന്നതിയിലെ വീടുകളില്‍ കയറി പൊലീസ് നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ് കോടതി ഉത്തരവിന്റെ പേര് പറഞ്ഞ് വീടുകളില്‍ നിന്നും പുറത്താക്കാൻ പൊലീസിന്റെ ഭാഗത്ത് നിന്നും നീക്കം ഉണ്ടായത്. വീടുകളില്‍ കയറി സ്‌ത്രീകളേയും, കുട്ടികളേയും അക്രമിക്കുന്ന രീതിയാണ് കാണിച്ചിട്ടുള്ളത്.

നേരത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന ഘട്ടത്തില്‍ 14 തവണ പൊലീസ് വന്നിട്ടുണ്ടെങ്കിലും യാതൊരു അക്രമവും ഉണ്ടായിരുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി 48 മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും പൊലീസ് അക്രമകാരികളായി പാവപ്പെട്ടവരെ അക്രമിക്കുന്ന സ്ഥിതിയാണുണ്ടായത്.

.

ജനങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ പ്രതിരോധിക്കാന്‍ വന്ന സിപിഐഎം ഏരിയാ സെക്രട്ടറിയേയും, മറ്റ് പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്‌ത് നീക്കുന്നതിനാണ് ഇവര്‍ തയ്യാറായിട്ടുള്ളത്. ഇവിടത്തെ അക്രമത്തെ പുറംലോകത്തെ അറിയിച്ച പത്രപ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയാണ് ചെയ്‌തത്. ഭരണത്തിന്റെ തണലില്‍ പട്ടികജാതി വിഭാഗങ്ങള്‍ ഉള്‍പ്പെടേയുള്ള പാവങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.




