ഭിന്നശേഷിക്കാർക്കൊപ്പം ഒത്തുചേരാൻ ‘കനിവുത്സവം’ മെയ് 21ന് ആരംഭിക്കും
.
കൊയിലാണ്ടി: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാരുടെ പഠന പരിശീലനത്തിനായി വിദ്യാസദനം എജ്യുക്കേഷനൽ & ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ 16 വർഷമായി പ്രവർത്തിക്കുന്ന ശാന്തിസദനം സ്കൂളിന്റെയും, ഭിന്നശേഷിക്കാരുടെ സമഗ്ര വികസന പുനരധിവാസ പദ്ധതിയായ സിറാസിന്റെയും (SIRAS) പ്രചാരണാർത്ഥം സംഘടിപ്പിക്കുന്ന അതിരുകളില്ലാത്ത സ്നേഹത്തിൻ്റെ മൂന്ന് ദിനങ്ങൾ ‘കനിവുത്സവം 2026’ പുറക്കാട് ശാന്തിസദനം ക്യാമ്പസിൽ നടക്കും.

മെയ് 21, 22, 23 തീയതികളിലായി നടക്കുന്ന ഈ സംഗമം ശാന്തി സദനത്തെയും മേപ്പയ്യൂർ വളയാട്ടൂരിൽ 14.5 ഏക്കർ ഭൂമിയിൽ നിർമ്മാണം ആരംഭിക്കുന്ന സിറാസ് റിഹാബ് വില്ലേജ് പദ്ധതിയിലൂടെ ആയിരം ഭിന്നശേഷിക്കാർക്ക് സമഗ്ര വികസനവും രക്ഷിതാക്കളുടെ കാലശേഷം അവർക്ക് സുരക്ഷിതമായ പുനരധിവാസവും ഉറപ്പാക്കുന്നതാണ് ഈ സ്വപ്ന പദ്ധതിയെക്കുറിച്ച് രക്ഷിതാക്കളെയും പൊതുജനങ്ങളെയും ബോധവൽക്കരിക്കാനാണ് കനിവുത്സവം ഒരുക്കിയിരിക്കുന്നത്.

ഉത്സവത്തിന്റെ ആദ്യദിവസം രാവിലെ 10 മണിക്ക് കൊയിലാണ്ടി നിയുക്ത എംഎൽഎ അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം നിർവഹിക്കും. പേരാമ്പ്ര നിയുക്ത എംഎൽഎ ഫാത്തിമ തഹ് ലിയ മുഖ്യ അതിഥിയായി പങ്കെടുക്കും. ഉച്ചക്ക് രണ്ട് മണിക്ക് ആദ്യകാല പ്രവർത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും സംഗമമായ ‘ഹൃദയമുദ്ര’ ശൈഖ് മുഹമ്മദ് കാരക്കുന്നും ഉദ്ഘാടനം ചെയ്യും. രണ്ടാം ദിനമായ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ജീവനക്കാരെ അനുമോദിക്കുന്ന ‘കനിവകം’ പരിപാടി വടകര ഡിഇഒ പി. ഗീത ഉദ്ഘാടനം ചെയ്യും.

ഉച്ചക്ക് രണ്ട് മണിക്ക് ഭിന്നശേഷി രക്ഷിതാക്കളെ കേൾക്കാനും അവരെ ആദരിക്കാനും വേണ്ടി നടത്തുന്ന ‘സ്നേഹസ്പർശം’ വടകര നിയുക്ത എംഎൽഎ കെ.കെ. രമ ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ ശനിയാഴ്ച രാവിലെ 10 മണിക്ക് ‘സിറാസ് വിഷൻ ലോഞ്ച്’ ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കുറ്റ്യാടി നിയുക്ത എംഎൽഎ പാറക്കൽ അബ്ദുള്ള മുഖ്യാതിഥിയായും ഡോ. വി.പി. ഗംഗാധരൻ വിശിഷ്ടാതിഥിയായും സംബന്ധിക്കും. സി ഗൗരി ദാസൻ നായർ, ഡോ. വി. ഇദ്രീസും പ്രൊഫ കൽപറ്റ നാരായണൻ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.

വിവിധ സ്ഥലങ്ങളിൽ നിന്നായി ആയിരത്തോളം കുടുംബങ്ങൾ മൂന്ന് ദിവസങ്ങളിലായി ഈ സംഗമത്തിൽ പങ്കാളികളാകും. ഇതിന്റെ ഭാഗമായി ശാന്തിപഥം എക്സ്പോ, വർണ്ണച്ചിറക് കലാപരിപാടികൾ, ‘കനൽവഴികളിലെ കനവ്’ ഡോക്യുമെന്ററി പ്രദർശനം, സിറാസ് ഹെൽപ്പ് ഡെസ്ക്, സ്നേഹവിരുന്ന് എന്നിവയും ക്യാമ്പസിൽ ഒരുക്കിയിട്ടുണ്ട്.

സ്വാഗതസംഘം ചെയർമാൻ സുരേഷ് ചങ്ങാടത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദിൽ മുണ്ട്യോത്ത്, ശാന്തി സദനം സ്കൂൾ വൈസ് ചെയർമാൻ ഹബീബ് മസ്ഊദ്,
ശാന്തിസദനം സ്കൂൾ മാനേജർ പി എം അബ്ദുസലാം ഹാജി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.



