KOYILANDY DIARY.COM

The Perfect News Portal

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം

.

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്ത്. മകള്‍ക്ക് ഭര്‍തൃവീട്ടില്‍ നിരവധി ദുരവസ്ഥകള്‍ ഉണ്ടായിരുന്നതായി സോനയുടെ അമ്മ വസന്ത വെളിപ്പെടുത്തി. രജിൻലാലിന് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. ചെറുവണ്ണൂർ കക്കറമുക്ക് പൂവത്തുംചാലിൽ രജിൻലാലിന്റെ ഭാര്യ സോനയാണ് കഴിഞ്ഞ ദിവസം തീപിടിത്തത്തിൽ മരിച്ചത്.

 

കാർ ഓടിച്ച ഭർത്താവ് രജിൻലാലിന് തീപ്പിടിത്തമുണ്ടായ ഉടനെ കാറിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങാൻ കഴിഞ്ഞെങ്കിലും പിൻസീറ്റിൽ കിടക്കുകയായിരുന്ന സോന വാതിൽ ലോക്കായതിനാൽ കാറിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. കാറിന്റെ ഉൾവശമാണ് പൂർണമായി കത്തിയത്. പിൻസീറ്റും മുൻഭാഗവും കത്തി. എന്നാൽ, ബോണറ്റിനുള്ളിലേക്ക് തീ പടർന്നിട്ടില്ല. കാറിന്റെ ഉള്‍വശം മാത്രം കത്തിയത് ദുരൂഹത ഉണര്‍ത്തുന്നുവെന്നും, ആസൂത്രിത കൊലപാതകമെന്നുമാണ് സോനയുടെ കുടുംബത്തിന്റെ ആരോപണം. മകള്‍ക്ക് ഭര്‍തൃവീട്ടില്‍ നിരവധി ദുരവസ്ഥകള്‍ ഉണ്ടായിരുന്നതായും, പല ദിവസങ്ങളിലും സോന പട്ടിണിയായിരുന്നെന്നും സോനയുടെ അമ്മയും വെളിപ്പെടുത്തി. റിജിന്‍ ലാലിന് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായും, ഇതറിഞ്ഞ സോന ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും ബന്ധുവായ യുവതിയും പറയുന്നു.

Advertisements

 

ആത്മഹത്യ ചെയ്യാനായി വടകര റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ റെയില്‍വേ പൊലീസ് ഇടപെട്ട് സോനയെ പിന്തിരിപ്പിക്കുകയായിരുന്നു എന്നുമാണ് വെളിപ്പെടുത്തൽ. സോനയുടെ കുടുംബവുമായി യാതൊരു ബന്ധവും പാടില്ലെന്ന് റിജിനും കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഇതുമൂലം കുടുംബങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും സോന ഗര്‍ഭിണിയായ ശേഷമാണ് ബന്ധുക്കളുമായി അടുത്തതെന്നും സോനയെ പരിചരിക്കാന്‍ കഴിയാതെ ബന്ധുക്കളുടെ അടുത്തേക്ക് പറഞ്ഞു വിടുകയായിരുന്നു എന്നും യുവതി പറഞ്ഞു.

 

രണ്ട് മാസക്കാലം സോന അമ്മയുടെ കൂടെ പാലേരിയിലെ വീട്ടിലായിരുന്നു താമസം. ദിവസങ്ങള്‍ക്ക് മുമ്പാണ് റിജിന്‍ വന്ന് സോനയെ തന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോയത്. തീ പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കാറിനുള്ളിലെ വയറിങ്ങിനും, ഇന്ധന ടാങ്കിനും തകരാറുകളില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് പരിശോധനാഫലം കൂടി ലഭിച്ചാലേ കൃത്യമായ നിഗമനത്തിലെത്താൻ കഴിയൂവെന്ന് അന്വേഷണ സംഘം അറിയിച്ചു.

 

Share news
error: Content is protected !!