ബിന്ദുകൃഷ്ണയെ അപമാനിക്കാൻ ശ്രമിച്ച ചെറിയാൻ ഫിലിപ്പിനെതിരെ പരാതി
.
എംഎൽഎ ബിന്ദുകൃഷ്ണയെ അപമാനിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിനെതിരെ പൊലീസിൽ പരാതി. കേരള കോൺഗ്രസ് എം നേതാവ് എ എച്ച് ഹഫീസാണ് മ്യൂസിയം പൊലീസിൽ പരാതി നൽകിയത്. ഇന്ദിരാഭവന് മുന്നിൽവെച്ച് ബിന്ദുകൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു. കെപിസിസി ആസ്ഥാനത്ത് കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരാൻ നിയുക്ത എംഎൽഎമാർ എത്തുമ്പോഴാണ് സംഭവം.

ഇന്ദിരാഭവൻ്റെ മുറ്റത്തുവെച്ച് അഭിനന്ദിക്കുന്നതിനിടെയാണ് ചെറിയാൻ ഫിലിപ്പ് ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ചത്. എന്നാൽ ബിന്ദു കൃഷ്ണ തൊഴുകൈകളോടെ അതൃപ്തി പ്രകടമാക്കി ഒഴിഞ്ഞുമാറിയെങ്കിലും ചെറിയാൻ ഫിലിപ്പ് വീണ്ടും ആലിംഗനം ചെയ്യാൻ മുതിർന്നു. ഒടുവിൽ ബിന്ദു കൃഷ്ണ ചെറിയാനെ തട്ടിമാറ്റി മാറിപ്പോകുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ചെറിയാൻ ഫിലിപ്പിനെതിരെ കടുത്ത വിമർശനമുയർന്നു. മറ്റ് ചില വനിതാ എംഎൽഎമാരെയും ചെറിയാൻ ഫിലിപ്പ് ആലിംഗനം ചെയ്യാൻ ശ്രമിച്ചിരുന്നു.

ഒരാൾ താൽപ്പര്യമില്ലായ്മ പ്രകടിപ്പിച്ചിട്ടും ആലിംഗനം ചെയ്യാൻ ശ്രമിച്ചത് മോശമായ പ്രവൃത്തിയാണെന്ന് പലരും കുറിച്ചു. പൊതു ഇടങ്ങളിൽ പാലിക്കേണ്ട മര്യാദ ചെറിയാൻ ഫിലിപ്പ് പാലിച്ചില്ലെന്നും വിമർശനമുയർന്നു.




