16 കിലോ കഞ്ചാവ് കൈവശം വെച്ച കേസിൽ തമിഴ്നാട് സ്വദേശിക്ക് കഠിന തടവും പിഴയും
.
തിരുവനന്തപുരം: വിൽപ്പനയ്ക്കായി കഞ്ചാവ് കൈവശം വെച്ച കേസിൽ തമിഴ്നാട് സ്വദേശിക്ക് കഠിന തടവും പിഴയും. തമിഴ്നാട് മധുര കീഴ്പെട്ടി സ്വദേശി ആണ്ടി സാമിയെയാണ് (53) തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി v ജഡ്ജ് സിജു ഷേക്ക് ശിക്ഷിച്ചത്. എൻഡിപിഎസ് നിയമം 20 (b) 2 (B), വകുപ്പു പ്രകാരം 4 വർഷം കഠിന തടവും 20000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 2 മാസം കൂടി അധിക തടവ് അനുഭവിക്കണം.

2017ലാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ലഭിച്ച രഹസ്യ വിവരത്തിൻ്റ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വാഴയില ക്രൈസ്റ്റ് നഗർ – പള്ളിമുക്ക് റോഡിൽ ഗവൺമെൻ്റ് കോഴിഫാമിന് സമീപത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശമുണ്ടായിരുന്ന രണ്ട് ബാഗുകളിലായി ഉണങ്ങിയ ഇലയും കായും തണ്ടും അടങ്ങിയ കഞ്ചാവ് കണ്ടെത്തി. 16 കിലോ കഞ്ചാവാണ് പിടികൂടിയത്.

പേരൂർക്കട സബ് ഇൻസ്പെക്ടർ രജിസ്റ്റർ ചെയ്ത കേസിൽ പേരൂർക്കട സർക്കിൾ ഇൻസ്പെക്ടറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി എസ് രാജേഷ്, അഡ്വ. എ ബീനാകുമാരി, അഡ്വ. അഭിജിത് ജെ ജെ, അഡ്വ ആർച്ച മദനൻ എന്നിവർ ഹാജരായി.




