കൊയിലാണ്ടി ഗവ. താലൂക്ക് ഹോമിയോ ആശുപത്രിയിൽ മൾട്ടി യൂട്ടിലിറ്റി ഹാൾ ഉദ്ഘാടനം ചെയ്തു
.
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. താലൂക്ക് ഹോമിയോ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മൾട്ടിയൂട്ടിലിറ്റി ഹാളിന്റെ ഉദ്ഘാടനം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ആരോഗ്യരംഗത്ത് ആയുഷ് ചികിത്സാ സംവിധാനങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നതിലും പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിലും ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ നിർണായകമാണെന്ന് മന്ത്രി പറഞ്ഞു.
കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു കെ ചന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ബിന്ദു സി.ടി. സ്വാഗതം പറഞ്ഞു.

ആരോഗ്യബോധവൽക്കരണ പരിപാടികൾ, പരിശീലനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, മറ്റു പൊതുജന സമ്പർക്ക പരിപാടികൾ തുടങ്ങിയവ നടത്തുന്നതിനുള്ള സൗകര്യങ്ങളോടെയാണ് മൾട്ടി യൂട്ടിലിറ്റി ഹാൾ സജ്ജീകരിച്ചിരിക്കുന്നത്.
കോഴിക്കോട് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. സോണി ബി.ജെ. മുഖ്യപ്രഭാഷണം നടത്തി. ആയുഷ് ചികിത്സാ രംഗത്ത് കേരളം കൈവരിച്ച മുന്നേറ്റങ്ങളും, ഹോമിയോ ചികിത്സയുടെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു.

പൊതുജനാരോഗ്യ സംരക്ഷണത്തിൽ ഹോമിയോ ചികിത്സയുടെ പങ്ക് വലുതാണെന്നും ഇത്തരം സൗകര്യങ്ങൾ ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി പകരുമെന്നും അദ്ദേഹം പറഞ്ഞു. ഹോസ്പിറ്റൽ റെസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് തസ്‌നീം റിപ്പോർട്ട് അവതരിപ്പിച്ചു. മൾട്ടി യൂട്ടിലിറ്റി ഹാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ, പദ്ധതിയുടെ ലക്ഷ്യങ്ങൾ, ജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ തുടങ്ങിയവയെ കുറിച്ച് റിപ്പോർട്ടിൽ വിശദീകരിച്ചു.

ചടങ്ങിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, നാഷണൽ ആയുഷ് മിഷൻ പ്രതിനിധികൾ, ജനപ്രതിനിധികൾ, ആശുപത്രി ജീവനക്കാർ, എച്.എം. സി മെമ്പർമാർ, പൊതുജനങ്ങൾ എന്നിവരും പങ്കെടുത്തു. പുതിയ മൾട്ടി യൂട്ടിലിറ്റി ഹാൾ ആശുപത്രിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് അധികൃതർ അറിയിച്ചു




