ഇ എൻ മോഹൻദാസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായ ഇ എൻ മോഹൻദാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. മലപ്പുറം ജില്ലയിൽ പാർട്ടിയെ വളർത്തുന്നതിലും പ്രതിസന്ധികളിൽ നേതൃപരമായ പങ്ക് വഹിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

വിദ്യാർത്ഥി – യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് സജീവമായ മോഹൻദാസ് മലപ്പുറത്തെ പാർട്ടിയുടെ വളർച്ചയിൽ വലിയ പങ്കാണ് വഹിച്ചത്. എഴുപതുകളിൽ സജീവ രാഷ്ട്രീയ പ്രവർത്തകനായി അദ്ദേഹം മാറി. അടിയന്തരാവസ്ഥക്ക് ശേഷം യുജവന പ്രസ്ഥാനത്തിന്റെയും പാർടിയുടെയും മലപ്പുറത്തെ പ്രധാന മുഖമായിരുന്നു മോഹൻദാസ് എന്ന് അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

പാർട്ടിയുടെ സംഘടനാപരമായ കാര്യങ്ങളിൽ തികഞ്ഞ ജാഗ്രത പുലർത്തിയിരുന്ന അദ്ദേഹം ജില്ലയിലെ പാർടിയുടെ നിർണായകമായ പല ഘട്ടങ്ങളിലും നേതൃപരമായ പങ്ക് വഹിച്ച് പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ടു കൊണ്ടുപോയി. രണ്ട് തവണ ജില്ലാ സെക്രട്ടറിയായി. ദേശാഭിമാനിയുടെ മലപ്പുറം യൂണിറ്റ് മാനേജർ എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചു. സഹകരണരംഗത്തും സാംസ്ക്കാരികരംഗത്തും ജില്ലയിലെ നിറസാന്നിധ്യമായിരുന്നു ഇ എൻ മോഹൻദാസ് എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.




