കെഎസ്‌ആർടിസി ഡബിൾ ഡെക്കർ ബസുകൾ ഇനി തൃശൂരിലും കോഴിക്കോടും
.
തിരുവനന്തപുരം: കെഎസ്‌ആർടിസിയുടെ ഡബിൾ ഡെക്കർ ബസുകൾ തൃശൂർ, കോഴിക്കോട് നഗരങ്ങളിലേക്കും. വെള്ളിയാഴ്‌ച തൃശൂരിലും തിങ്കളാഴ്‌ച കോഴിക്കോട്ടും ഫ്ലാഗ്‌ഓഫ് ചെയ്യും. തിരുവനന്തപുരം, എറണാകുളം, മൂന്നാർ എന്നിവിടങ്ങളിലും ഡബിൾ ഡെക്കർ മികച്ച നിലയിൽ സർവീസ് നടത്തുന്നുണ്ട്.

തിരുവനന്തപുരത്ത് സിറ്റി റൈഡ് എന്ന പേരിൽ രണ്ട് ഡബിൾ ഡെക്കറാണ് ഓടുന്നത്. 2025 ഫെബ്രുവരി എട്ടിനാണ് മൂന്നാറിൽ ആദ്യ ഡബിൾ ഡെക്കർ ബസ് സർവീസ് തുടങ്ങിയത്. ഇതിലൂടെ 1.40 കോടിയിലധികം രൂപ നേടാനായി. ജനുവരിയിൽ രണ്ടാമത്തെ സർവീസും തുടങ്ങി. മൂന്നാറിൽ റോയൽ വ്യൂ എന്ന പേരിലാണ് സർവീസ്.

കോഴിക്കോടും തൃശൂരിലുമുള്ള ബസുകൾ ഇലക്‌ട്രിക്കലാണ്. തൃശൂർ നഗരം–സ്വരാജ് റൗണ്ട്–സുവോളജിക്കൽ പാർക്ക് എന്നിങ്ങനെയായിരിക്കും തൃശൂരിലെ റൂട്ട്. കോഴിക്കോട്ട് കെഎസ്‌ആർടിസി സ്‌റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച് സൈബർ പാർക്ക്, രാമനാട്ടുകര, ചാലിയം ബീച്ച്, ബേപ്പൂർ ബീച്ച്, കാപ്പാട് ബീച്ച്, സർഗാലയ എന്നിങ്ങനെയാണ് റൂട്ട് നിശ്‌ചയിച്ചത്. സമയവും നിരക്കും ഉടൻ പ്രഖ്യാപിക്കും.




