ആശ്രയത്വത്തെക്കാള്‍ സ്വതന്ത്രരായിരിക്കാൻ ഇഷ്ടപ്പെടുന്നു; പുതിയ കാലത്തെ സ്ത്രീകള്‍ ഇങ്ങനെ, കാരണങ്ങള്‍ അറിയാം…
.
മറ്റുള്ളവരെയെല്ലാം ഊട്ടിയ ശേഷം തന്റെ മുത്തശ്ശി ഏറ്റവും അവസാനം ആഹാരം കഴിക്കുന്നത് അവൾ നോക്കിനിന്നു. ഉള്ളിലെ സങ്കടങ്ങൾ മറച്ചുപിടിച്ച് കുഴപ്പമില്ലെന്ന് പറഞ്ഞ് ഒരു കപടച്ചിരിയോടെ അമ്മ മന്ത്രിക്കുന്നത് അവൾ കണ്ടു. അപ്പോൾ, അവൾ കണ്ണാടിയിലേക്ക് തൻ്റെ സ്വന്തം പ്രതിബിംബത്തെ നോക്കി പറയുകയാണ്, ഇത് എന്നിലൂടെ അവസാനിക്കുന്നു.

നൂറ്റാണ്ടുകളായി, ഒരു പുരുഷന്റെ ആവശ്യങ്ങള്‍ പൂർത്തിയാക്കുക എന്നതാണ് തങ്ങളുടെ പരമപ്രധാനമായ ലക്ഷ്യമെന്ന് ഇന്ത്യയിലെ സ്ത്രീകള്‍ക്കിടയിൽ തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട് അവരുടെ ജോലിയാണിതെന്ന് വിശ്വസിച്ച് പോന്നിരുന്നു. സേവിക്കാനും, സഹിക്കാനും, ത്യാഗം ചെയ്യാനും, സ്നേഹിക്കപ്പെടാത്തപ്പോഴും സ്നേഹിക്കാനും അവൾ നിർബന്ധിതയായി. വിവാഹം ഒരു വിധിയായും നിശബ്ദത ഒരു പുണ്യമായും അവിടെ വാഴ്ത്തപ്പെട്ടു. എന്നാൽ ഇന്നത്തെ സ്ത്രീ ചിന്തിക്കാനായി തുടങ്ങി. തന്നെ തളച്ചിടാൻ നിർമ്മിക്കുന്ന ഒരിടത്തും സമാധാനം കണ്ടെത്താനാവില്ലെന്ന് അവൾ മനസ്സിലാക്കി.

ഇന്നത്തെ സ്ത്രീകൾ പുരുഷന്മാരെ തള്ളിക്കളയുകയല്ല, മറിച്ച് ആശ്രയത്വം ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ഇന്നത്തെ സ്ത്രീകള്‍ക്ക് അവബോധമാണുള്ളത്. കുട്ടിക്കാലം മുതൽ പെൺകുട്ടികളെ സംരക്ഷിക്കപ്പെടാനാണ് പഠിപ്പിച്ചത്, അല്ലാതെ ശാക്തീകരിക്കപ്പെടാനല്ല. നല്ലൊരു ഭാര്യ എങ്ങനെയാകണമെന്നായിരുന്നു പഠിപ്പിച്ചിരുന്നത്, സ്വതന്ത്രമായ ചിന്താഗതി വളർത്താനായിരുന്നില്ല. പുരുഷനില്ലാതെ ജീവിക്കാനാവില്ലെന്ന് അവളെ പറഞ്ഞ് വിശ്വസിപ്പിച്ചു. എന്നാൽ കാലം സഞ്ചരിച്ചപ്പോള്‍ സ്വന്തം തീരുമാനങ്ങൾ എടുക്കാനുള്ള അവബോധത്തിലേക്ക് അവരെത്തി.

സ്ത്രീകള്‍ അവകാശങ്ങൾ നേടിയെടുത്തത് പോരാടിയായിരുന്നു. നിശബ്ദതയെ ഭേദിച്ച് അവർ നേടിയെടുത്തതാണ്. വിവാഹമോചനം തിരഞ്ഞെടുത്ത ആദ്യകാല സ്ത്രീകൾ മുതൽ സ്വയംഭരണം പ്രഖ്യാപിച്ചവർ വരെ ഓരോരുത്തരും വിപ്ലവകാരികളായിരുന്നു. ഇന്ത്യയിലെ തൊഴിൽ മേഖലയിൽ ഇപ്പോഴും സ്ത്രീകളുടെ പങ്കാളിത്തം കുറവാണെങ്കിലും അവർ തങ്ങള്‍ക്ക് അർഹതപ്പെട്ട അവകാശങ്ങൾക്കായി ശബ്ദമുയർത്തി.
ഓരോ വീടിന്റെയും വൈകാരിക അടിത്തറ സ്ത്രീയുടെ ചുമലിലാണ്. സ്നേഹം എന്ന പേരിൽ അവൾ ചെയ്യുന്ന കൂലിയില്ലാത്ത ജോലികളെ ലോകം പലപ്പോഴും കണ്ടില്ലെന്ന് നടിക്കുന്നു. ഇത് അവസാനിപ്പിക്കാൻ അവൾ തീരുമാനിക്കുമ്പോൾ ലോകം അവളെ സ്വാർത്ഥ എന്ന് വിളിക്കുന്നു.
എല്ലാം സഹിക്കുന്നവളെയാണ് സമൂഹം ഇപ്പോഴും പുകഴ്ത്തുന്നത്. സമത്വം ആവശ്യപ്പെടുമ്പോൾ അവൾ അഹങ്കാരിയെന്ന് മുദ്രകുത്തപ്പെടുന്നു. എന്നാൽ സ്ത്രീകൾ ഇനി നല്ലവരായി കാണപ്പെടാൻ ആഗ്രഹിക്കുന്നില്ല, മറിച്ച് ഒരു മനുഷ്യനായി പരിഗണിക്കപ്പെടണമെന്നാണ് ആഗ്രഹിക്കുന്നത്.
പുരുഷാധിപത്യം സ്ത്രീകളെ മാത്രമല്ല, പുരുഷന്മാരെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. വികാരങ്ങൾ അടിച്ചമർത്താനും നിയന്ത്രിക്കാനുമാണ് ആൺകുട്ടികളെ പഠിപ്പിച്ചത്. സ്നേഹം എന്നത് പങ്കാളിത്തത്തിന് പകരം ഒരു പ്രകടനമായി മാറി. അതുകൊണ്ട് തന്നെ, സ്വതന്ത്രയായ ഒരു സ്ത്രീയെ കാണുമ്പോൾ അവർക്ക് അത് ഭീഷണിയായി തോന്നുന്നു. സമത്വം എന്നത് അധികാരം അനുഭവിച്ചു ശീലിച്ചവർക്ക് ബുദ്ധിമുട്ടായി തോന്നിയേക്കാം.



