രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഏഴ് വർഷം
.
രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഏഴ് വർഷം പൂർത്തിയാകുന്നു. 2019 ഫെബ്രുവരി 14-ന് ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ചാവേർ ആക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാരുടെ ജീവനാണ് രാജ്യത്തിന് നഷ്ടമായത്. ജമ്മു-കശ്മീർ ദേശീയ പാതയിലൂടെ സൈനിക വാഹനവ്യൂഹം സഞ്ചരിക്കവേ, സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഭീകരർ ഇടിച്ചുകയറ്റുകയായിരുന്നു.

അവധി കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളിയായ വി.വി. വസന്തകുമാർ ഉൾപ്പെടെയുള്ള 40 സൈനികർ ആ കറുത്ത ദിനത്തിൽ വീരമൃത്യുവരിച്ചു. ജയ്ഷെ മുഹമ്മദ് നടത്തിയ ഈ ക്രൂരമായ ആക്രമണം ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ ഏറ്റവും വലിയ വേദനയായി ഇന്നും നിലനിൽക്കുന്നു. ഈ ധീര രക്തസാക്ഷികളെ രാജ്യം സ്മരിക്കുമ്പോഴും മോദി ഭരണത്തിന് കീഴിലെ രാജ്യസുരക്ഷയെക്കുറിച്ചുള്ള ഗൗരവകരമായ ചോദ്യങ്ങൾ വീണ്ടും സജീവമാവുകയാണ്.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന ഈ ആക്രമണത്തിൽ കേന്ദ്ര സർക്കാരിനും രഹസ്യാന്വേഷണ വിഭാഗത്തിനും സംഭവിച്ച വീഴ്ചകളെക്കുറിച്ച് അന്നത്തെ ജമ്മു-കശ്മീർ ഗവർണർ സത്യപാൽ മാലിക് നടത്തിയ വെളിപ്പെടുത്തലുകൾ ബിജെപിയെയും കേന്ദ്രത്തെയും വലിയ രീതിയിൽ പ്രതിരോധത്തിലാക്കിയിരുന്നു. ഭീകരതയെ തുടച്ചുനീക്കുമെന്ന് വാഗ്ദാനം നൽകിയ കാലയളവിലും പഹൽഗാമിലും രാജ്യ തലസ്ഥാനത്തുമടക്കം നടന്ന ഭീകരാക്രമണങ്ങൾ സുരക്ഷാ പഴുതുകളെയാണ് ചൂണ്ടിക്കാട്ടുന്നത്. പാർലമെൻ്റിനകത്തും പുറത്തും ഉയർന്നുവരുന്ന ഇത്തരം ആശങ്കകളോട് കേന്ദ്രം മൗനം തുടരുന്നതിനിടയിലാണ് പുൽവാമയുടെ ഏഴാം വാർഷികം കടന്നുപോകുന്നത്.




