കേരളം ചുട്ടുപൊള്ളുന്നു; പകൽ 11 മണി മുതൽ 3 മണി വരെ ജാഗ്രതാ മുന്നറിയിപ്പ്
.
കേരളത്തിൽ വേനൽച്ചൂട് പതുക്കെ ശക്തമാകുകയാണ്. പല ജില്ലകളിലും താപനില സാധാരണയെക്കാൾ ഉയർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രത്യേകിച്ച് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ആരോഗ്യത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം. അതിനാൽ കഴിയുന്നത്ര ഈ സമയത്ത് പുറത്തിറങ്ങുന്നത് കുറയ്ക്കാൻ ശ്രമിക്കാം.

നീണ്ട സമയം വെയിലിൽ നിൽക്കുന്നത് സൂര്യാഘാതം, ക്ഷീണം, ത്വക്ക് പ്രശ്നങ്ങൾ, കണ്ണ് സംബന്ധമായ അസ്വസ്ഥതകൾ എന്നിവയ്ക്ക് കാരണമാകാം. ചെറിയ മുൻകരുതലുകൾ കൊണ്ടു തന്നെ നമുക്ക് ഈ പ്രശ്നങ്ങൾ ഒഴിവാക്കാം. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ ശുദ്ധജലം കുടിക്കുക. പകൽ സമയത്ത് മദ്യം, അധികമായി കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ ഒഴിവാക്കുന്നത് നല്ലതാണ്. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് സഹായകരമാണ്. പഴങ്ങളും പച്ചക്കറികളും കൂടുതൽ ഉൾപ്പെടുത്തുക. കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, കിടപ്പ് രോഗികൾ തുടങ്ങിയവർക്ക് കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഇവർ ഉച്ച സമയത്ത് നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

സ്കൂളുകളിലും അംഗനവാടികളിലും ശുദ്ധജലവും വായുസഞ്ചാരവും ഉറപ്പാക്കണം. കുട്ടികൾക്ക് കൂടുതൽ വെയിൽ ഏൽക്കുന്ന പരിപാടികൾ ഒഴിവാക്കുകയോ സമയക്രമം ക്രമീകരിക്കുകയോ ചെയ്യാം. പുറം ജോലിയിൽ ഏർപ്പെടുന്നവർ അതായത് നിർമാണത്തൊഴിലാളികൾ, കർഷക തൊഴിലാളികൾ, ഡെലിവറി ജോലിക്കാർ ഇവരെല്ലാം ജോലി സമയം ക്രമീകരിക്കുകയും ഇടയ്ക്കിടെ വിശ്രമിക്കുകയും ചെയ്യണം.

മാർക്കറ്റുകൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടുത്ത സാധ്യത കൂടുതലാകാം. ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക. ചൂട് കൂടുന്ന സാഹചര്യത്തിൽ കാട്ടുതീ സാധ്യതയും ഉയരും. അതിനാൽ തന്നെ വനം വകുപ്പിന്റെ നിർദേശങ്ങൾ ശ്രദ്ധിക്കുക.
വീട്ടിലും പരിസരത്തും ജലം പാഴാക്കാതെ ഉപയോഗിക്കുക. മഴ ലഭിക്കുമ്പോൾ പരമാവധി സംഭരിക്കാൻ ശ്രമിക്കുക. ചൂട് കൂടുന്ന ദിവസങ്ങളിൽ അയൽവാസികൾക്കും തൊഴിലാളികൾക്കും യാത്രക്കാര്ക്കും ഒരു ഗ്ലാസ് വെള്ളം നൽകുന്നത് പോലുള്ള ചെറിയ മനുഷ്യസ്നേഹ പ്രവർത്തികളും വലിയ ആശ്വാസമാകും. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഒരിക്കലും ഇരുത്തി പോകരുത്. യാത്ര ചെയ്യുമ്പോൾ വെള്ളം കൈവശം കരുതുക. ജലം പാഴാക്കാതെ ഉപയോഗിക്കുക.
അസ്വസ്ഥത, തലചുറ്റൽ, അതിയായ ക്ഷീണം, അമിതമായ ദാഹം, ചർമത്തിൽ ചൂട് കൂടുതലായി തോന്നൽ എന്നിവ അനുഭവപ്പെട്ടാൽ അതിനെ അവഗണിക്കരുത്. ഉടൻ നിഴലുള്ള ഒരു സ്ഥലത്ത് വിശ്രമിക്കണം. ശരീരത്തിന് തണുപ്പേകുന്ന വെള്ളമോ ORS ലായനിയോ കുടിക്കുക. ലക്ഷണങ്ങൾ തുടരുകയാണെങ്കിൽ വൈദ്യസഹായം തേടുന്നത് നല്ലതാണ്. കൂടാതെ ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ഉൾപ്പെടെയുള്ള അധികൃതരുടെ ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിച്ച് അനുസരിക്കുക. വേനൽക്കാലം കടന്നുപോകുന്ന ഒരു ഘട്ടമാണ്. ചെറിയ ജാഗ്രതയും പരസ്പര കരുതലും ഉണ്ടെങ്കിൽ നമുക്ക് ഈ ചൂടിനെ എളുപ്പത്തിൽ നേരിടാം. ഈ വേനൽക്കാലം ആരോഗ്യത്തോടെ കടന്നുപോകാം.



