KOYILANDY DIARY.COM

The Perfect News Portal

ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാക്കളെ പുകയിട്ട് തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു

ഹൈദരാബാദ്: ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാക്കളെ പുകയ്ക്ക് മുകളില്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു. ആടിനെ മോഷ്ടിച്ചെന്ന് സംശയം തോന്നിയ ഉടമ രണ്ടുപേരെയും ഒരു ഷെഡ്ഡില്‍ കെട്ടിത്തൂക്കുകയായിരുന്നു. തെലങ്കാനയിലെ മഞ്ചേരിയല്‍ ജില്ലയിലെ മന്ദമാരി ടൗണിലാണ് സംഭവം.

ഗോദാവരിക്കാനി സ്വദേശികളായ ആട്ടിടയന്‍ തേജ (19), സുഹൃത്ത് ചിലുമൂല കിരണ്‍ (30) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മന്ദമാരി അംഗാഡി ബസാറിലെ ഫാം ഉടമയായ കൊമുരാജുല രാമുലുവും കുടുംബവുമാണ് ഇരുവരെയും മര്‍ദിച്ചത്.തുടര്‍ന്ന് ഇരുവര്‍ക്കും താഴെ വിറകുകള്‍ കത്തിച്ച് പുകയ്ക്കുകയും മര്‍ദിക്കുകയുമായിരുന്നു.

വെള്ളിയാഴ്ച, തേജയെയും കിരണിനെയും ഷെഡ്ഡിലേക്ക് വിളിച്ചുവരുത്തിയ രാമുലുവും കുടുംബവും ഇവരെ തലകീഴായി കെട്ടിത്തൂക്കുകയും വിറുകള്‍ പെറുക്കി തലയ്ക്ക് താഴെയിട്ട് കത്തിക്കുകയും മര്‍ദിക്കുകയുമായിരുന്നു. ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു.

കുറ്റം അംഗീകരിച്ച് ആടുകളെ തിരികെ നല്‍കണമെന്നും ഇല്ലെങ്കില്‍ പണം നല്‍കണമെന്നുമായിരുന്നു അക്രമികളുടെ ആവശ്യം. മണിക്കൂറുകളോളം പീഡിപ്പിച്ച ശേഷം താക്കീത് നല്‍കി യുവാക്കളെ വിട്ടയച്ചു. എന്നാല്‍ ഇവരില്‍ ഒരാള്‍ വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.

കനത്ത ചൂടും പുകയും മര്‍ദനവും സഹിക്കാനാവാതെ രണ്ടു പേരും സഹായത്തിനായി നിലവിളിക്കുമ്പോഴും ഫാം ഉടമയും കൂട്ടാളികളും മര്‍ദനം തുടരുകയായിരുന്നുവെന്നാണ് വിവരം. 20 ദിവസം മുമ്പാണ് രാമുലുവിന്റെ ഒരു ആടിനെ കാണാതാവുന്നത്. ആടിനെ തേജയും കിരണും ചേര്‍ന്ന് മോഷ്ടിച്ചതാണെന്നായിരുന്നു ഇയാളുടെ സംശയം.

Share news
error: Content is protected !!