KOYILANDY DIARY

The Perfect News Portal

വിജയ് മേനോന്‍ സംവിധായകനാകുന്ന ചിത്രം വിളക്കുമരത്തില്‍ ഭാവന സ്കൂള്‍ ടീച്ചറായെത്തുന്നു

മലയാളത്തിന്റെ പ്രിയനടി ഭാവന ടീച്ചറാകുന്നു. നടന്‍ വിജയ് മേനോന്‍ സംവിധായകനാകുന്ന ചിത്രം വിളക്കുമരത്തില്‍ ഭാവന സ്കൂള്‍ ടീച്ചറായെത്തുന്നു. നായികാ പ്രാധാന്യമുള്ള കഥാപാത്രത്തിനായി കാത്തിരുന്ന ഭാവനയുടെ കരിയറിലെ നാഴികക്കല്ലാകും ഈ ചിത്രമെന്നാണ് സൂചന. അശ്വതി അനന്തകൃഷ്ണന്‍ എന്ന സ്കൂള്‍ ടീച്ചറെയാണ് ഭാവന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജുവൈനല്‍ഹോം കൗണ്‍സിലര്‍ കൂടിയാണ് അശ്വതി. സമൂഹത്തിന് വലിയ സന്ദേശം നല്‍കുന്ന ചിത്രമാണിതെന്ന് വിജയ് മേനോന്‍ പറയുന്നു. വിജയ്യുടെ പുത്രന്‍ നിഖിലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിട്ടുള്ളത്. എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ നിഖില്‍ പുസ്തകമാക്കാന്‍ വെച്ചിരുന്ന രചന അച്ഛനെ കാണിക്കുകയും വിജയ് അത് തിരക്കഥയാക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സംവിധായകനും നടനുമായ രഞ്ജി പണിക്കരാണ് വിജയ് മേനോന് സംവിധായകനാകാനുള്ള ആത്മവിശ്വാസം നല്‍കിയത്.

ഭാവനയ്ക്ക് പുറമെ മനോജ് കെ ജയന്‍, സുരാജ് വെഞ്ഞാറമ്മൂട്, വിനോദ് കോവൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. തിരുവനന്തപുരത്തും ലഡാക്കിലുമായി ചിത്രീകരിക്കുന്ന ചിത്രത്തില്‍ നിരവധി സ്കൂള്‍ വിദ്യാര്‍ഥികളും അഭിനയിച്ചിട്ടുണ്ട്. ശിവാനി ക്രിയേഷന്‍സിന്റെ ബാനറില്‍ ജയനാഥ് അമ്ബാഴത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.