KOYILANDY DIARY

The Perfect News Portal

നിര്‍ദ്ദന കുടുംബത്തിന് കിടപ്പാടമൊരുക്കി ഇടുക്കി എആര്‍ ക്യാമ്പിലെ ഒരുപറ്റം പോലീസ് ഉദ്യാഗസ്ഥര്‍

ഇടുക്കി: നിര്‍ദ്ദന കുടുംബത്തിന് കിടപ്പാടമൊരുക്കി തങ്ങളുടെ സാമൂഹിക പ്രതിബന്ധത അരക്കിട്ടുറപ്പിക്കുകയാണ് ഇടുക്കി എആര്‍ ക്യാമ്പിലെ ഒരുപറ്റം പോലീസ് ഉദ്യാഗസ്ഥര്‍. അടിമാലി ആയിരമേക്കറില്‍ കൂരക്ക് കീഴില്‍ ജീവിതം തള്ളി നീക്കിയിരുന്ന അമ്മക്കും മകള്‍ക്കുമാണ് കാക്കിയണിഞ്ഞ കൈകള്‍ കൈതാങ്ങായത്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ കുടുംബത്തിന് കൈമാറി.

നിയമത്തിനും സുരക്ഷക്കും ഒപ്പും സഹജീവികളോടുള്ള കരുതലിനും ഓരോ പോലീസ് ഉദ്യാഗസ്ഥന്റെയും ജീവിതത്തില്‍ പ്രാധാന്യം ഉണ്ടെന്ന് തെളിയിച്ചാണ് ഇടുക്കി എആര്‍ ക്യാമ്ബിലെ ഒരുപറ്റം പോലീസ് ഉദ്യാഗസ്ഥര്‍ അമ്മക്കും മകള്‍ക്കും തണലായത്. ഓരോ പോലീസ് ഉദ്യാഗസ്ഥനും തങ്ങളുടെ വിഹിതം കൂട്ടിവയ്ക്കുകയും ശ്രമദാനത്തില്‍ പങ്കാളികളാവുകയും ചെയ്തതോടെ ആയിരമേക്കര്‍ സ്വദേശി ഓമനക്കും മകള്‍ നന്ദുവിനും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങാം. രണ്ട് മാസങ്ങള്‍ കൊണ്ട് രണ്ടര ലക്ഷം രൂപയോളം മുടക്കിയാണ് വീട് നിര്‍മ്മിച്ചത്. പഴിചാരലുകള്‍ മാത്രം കേള്‍ക്കുന്ന പോലീസുദ്യോഗസ്ഥരുടെ ഉള്ളിലും വറ്റാത്ത നന്മയുടെ കണികകളുണ്ടെന്ന് ഇത്തരം പ്രവര്‍ത്തികള്‍ പൊതുസമൂഹത്തെ ഓര്‍മ്മപ്പെടുത്തുന്നുവെന്ന് കെ.ബി. വേണുഗോപാല്‍ പറഞ്ഞു.

കടംവാങ്ങിയും കൈയ്യിലുള്ളതുമായ തുകകൊണ്ട് ആറ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് തുടക്കമിട്ട വീട് നിര്‍മ്മാണം ജീവിത പ്രാരാബ്ദത്താല്‍ ഇടവഴിക്ക് മുടങ്ങിയതോടെയായിരുന്നു ഓമനയുടെയും പോളീടെക്‌നിക് വിദ്യാര്‍ത്ഥിനിയായ മകളുടെയും ജീവിതം കൂരക്കുള്ളിലേക്ക് തള്ളപ്പെട്ടത്. പ്രായപൂര്‍ത്തിയായ മകളുമൊത്ത് ഈ മഴക്കാലവും പ്ലാസ്റ്റിക് കൂരക്കുള്ളില്‍ കഴിച്ചു കൂട്ടേണ്ടി വരുമല്ലോയെന്നോര്‍ത്ത് നെടുവീര്‍പ്പിട്ടിരുന്ന ഓമനയുടെ മുമ്പിലേക്ക് ദൈവദൂതരേ പോലെയായിരുന്നു പോലീസ് ഉദ്യാഗസ്ഥരുടെ കടന്നു വരവ്.

Advertisements

അമ്മയുടെയും മകളുടെയും ജിവിത പ്രാരംബ്ദം തിരിച്ചറിഞ്ഞതോടെ പിന്നെയെല്ലാം പെട്ടന്നായി. റോഡ് പോലുമില്ലാതിരുന്ന ദുര്‍ഘടവഴിയെ ഒഴിവുസമയങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കല്ലും കമ്പിയും മണലുമെല്ലാം തലചുമടായി എത്തിച്ചു. ഓമന തുടങ്ങിവച്ച തായ്ത്തറയില്‍ നിന്നും വീട് ഭിത്തിയായും മേല്‍ക്കൂരയായും വളര്‍ന്നു. ഒടുവില്‍ പോലീസിന്റെ നല്ല മനസൊരുക്കിയ വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങിയ അമ്മയുടെയും മകളുടേയും കണ്ണുകള്‍ കണ്ണീരാല്‍ നനഞ്ഞു.

രണ്ട് കിടപ്പുമുറികളും സ്വീകരണമുറിയും അടുക്കളയും ഉള്‍പ്പെടുന്നതാണ് പോലീസിന്റെ സ്‌നേഹഭവനം. ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാലിനൊപ്പം അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സാബു, പോലീസ് അസോസിയേഷന്‍ ഭാരവാഹി പി.കെ ബൈജു തുടങ്ങിയവര്‍ താക്കോല്‍ ദാനചടങ്ങില്‍ പങ്കെടുത്തു. താക്കോല്‍ കൈമാറി മധുരം പങ്കുവെച്ചാണ് കാക്കിയിട്ടവര്‍ കുന്നിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *