KOYILANDY DIARY

The Perfect News Portal

എം. പി. മാരുടെ ശബളവും പെൻഷനും വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രിയുടെ പച്ചക്കൊടി

ന്യൂഡൽഹി: പാർലമെന്റ് അംഗങ്ങളുടെ ശബളവും പെൻഷനും കൂട്ടാനുള്ള നിർദേശത്തിന് ഒടുവിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പച്ചക്കൊടി. എം.പി.മാരുടെ പ്രതിമാസശമ്ബളം, വിവിധ അലവൻസുകൾ, പി.എ.യ്ക്കുള്ള പ്രത്യേക അലവൻസ് തുടങ്ങിയവ ഇരട്ടിയാകും.

നിലവിൽ എല്ലാംകൂടി 1.40 ലക്ഷം രൂപയാണ് ഒരുമാസത്തെ വേതനം. അത് 2.80 ലക്ഷം രൂപയാകും. ഇപ്പോള്‍ 50,000 രൂപ ശബളവും ബാക്കി അലവൻസുകളുമാണ്. ഇതോടൊപ്പം മുൻ എം.പി.മാരുടെ പെൻഷനും ഗണ്യമായി ഉയർത്തും.
ഏറ്റവും കുറഞ്ഞ പ്രതിമാസ പെൻഷന്‍ 20,000 രൂപയില്‍നിന്ന് 35,000 രൂപയാക്കും. അഞ്ചുവർഷത്തിൽ കൂടുതൽ എം.പി.യായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ഓരോ വർഷത്തിനും 2000 രൂപ നിരക്കിൽ അധികപെൻഷന്‍ നൽകാനും നിർദേശമുണ്ട്. നിലവിൽ ഇത് 1500 രൂപയാണ്. എം.പി.മാരുടെ ശബളം, പെൻഷൻ വർധനയ്ക്ക് വർഷത്തിൽ 550 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്ക്.

അംഗങ്ങളുടെ ശബളം കൂട്ടാനുള്ള നിർദേശം മുമ്പ രണ്ടുതവണ പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളിയിരുന്നു. ശബളവും അലവൻസുകളും ഇരട്ടിയാക്കാൻ ബി.ജെ.പി. എം.പി. യോഗി ആദിത്യനാഥ് അധ്യക്ഷനായ കമ്മിറ്റി നേരത്തേ ശുപാർശചെയ്തിരുന്നു. തുടർന്ന് പാർലമെന്ററികാര്യ മന്ത്രാലയം രണ്ടുതവണ നിർദേശം പ്രധാനമന്ത്രിയുടെ ഓഫീസിന് സമർപ്പിച്ചുവെങ്കിലും അനുമതിലഭിച്ചില്ല.
എന്നാലിപ്പോൾ രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ എന്നിവരുടെ ശബളവും അലവൻസുകളും കൂട്ടാനുള്ള തീരുമാനത്തിന് തുടർച്ചയായിട്ടാണ് എം.പി.മാരുടെ ശബളവും പരിഷ്കരിക്കുന്നത്. ശബള  വർധനയുമായി ബന്ധപ്പെട്ട ഒരുകൂട്ടം ബില്ലുകൾ അടുത്തമാസം തുടങ്ങുന്ന സമ്മേളനത്തിൽ പരിഗണിക്കുമെന്ന് പാർലമെന്ററികാര്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.  രാഷ്ട്രപതിയുടെയും മറ്റും ശബളം കൂട്ടിയശേഷം എം.പി.മാരുടെ വേതനബില്ല് പിന്നീട് പരിഗണിക്കാം എന്നായിരുന്നു ഉന്നതതലത്തിൽ ആദ്യമുണ്ടായ ധാരണ. എന്നാൽ, എല്ലാം ഒറ്റയടിക്ക് പാസാക്കുന്നതാവും ഉചിതമെന്ന അഭിപ്രായം പാർലമെന്ററികാര്യ മന്ത്രാലയം മുന്നോട്ടുവെക്കുകയും പ്രധാനമന്ത്രിയുടെ ഓഫീസ് അത് അംഗീകരിക്കുകയും ചെയ്തു.
വിരമിച്ചുകഴിഞ്ഞാൽ ഈ മൂന്നുപേർക്കുമുള്ള പെൻഷനിലും വർധനയുണ്ടാകും.
എം.പി.മാരുടെ കാര്യത്തിൽ മറ്റൊരു നിര്‍ദേശവും സർക്കാറിന്റെ മുന്നിലുണ്ട്. ലോക്സഭയുടെ കാലാവധി അഞ്ചുകൊല്ലമാണെങ്കിലും അടിയന്തര സാഹചര്യത്തിൽ കാലാവധി ഏതാനും ദിവസങ്ങളോ മാസങ്ങളോ നീട്ടേണ്ടിവന്നാൽ, നീളുന്ന ഓരോ ദിവസത്തിനും ഒരു എം.പി.ക്ക് 2000 രൂപ വേതനം നൽകാനുള്ള നിർദേശമാണത്. സഭ സമ്മേളിച്ചാലും ഇല്ലെങ്കിലും അധികദിവസങ്ങളിൽ ഈ അലവൻസ് ലഭിക്കും.

Advertisements

 

Leave a Reply

Your email address will not be published. Required fields are marked *