KOYILANDY DIARY

The Perfect News Portal

അനധികൃത കുഴല്‍ കിണര്‍ നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു

വടകര: നഗര പരിധിയിലെ എടോടി ഇരുപത്തിയഞ്ചാം വാര്‍ഡില്‍ എസ്സാര്‍ സിറ്റി ഹൈറ്റ്സ് എന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ അനധികൃത കുഴല്‍ കിണര്‍ നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു. ഭൂഗര്‍ഭ ജല വകുപ്പില്‍ നിന്നോ നഗരസഭയില്‍ നിന്നോ അനുമതി ലഭിക്കാതെയാണ് കുഴല്‍ കിണര്‍ നിര്‍മ്മാണം ആരംഭിച്ചത്.പതിനൊന്ന് നിലകളുള്ള ഫ്ലാറ്റ് സമുച്ചയത്തില്‍ 39 ലേറെ വീടുകളുണ്ട്.നിലവില്‍ വിസ്താരമേറിയ തുറന്ന കിണറും,ജല അതോറിറ്റിയുടെ കണക്ഷനും,മറ്റൊരു കുഴല്‍ കിണറും ഉപയോഗത്തിലുള്ളപ്പോഴാണ് മറ്റൊരു കുഴല്‍ കിണര്‍ കൂടി നിര്‍മ്മിക്കാന്‍ ശ്രമിച്ചത്.

ഇവയില്‍ നിന്നെല്ലാം അധികരിച്ച തോതിലുള്ള ജല ഉപഭോഗം കാരണം പ്രദേശത്തെ മുഴുവന്‍ കിണറുകളിലും ജല നിരപ്പ് പാടെ താഴ്ന്ന നിലയിലായതോടെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തിറങ്ങിയത്.ഈ ഫ്ളാറ്റിലെ കക്കൂസ് ടാങ്കില്‍ നിന്നും മലിനജലം തൊട്ടടുത്ത നിലാദി മീത്തല്‍ ഉദയന്റെ വീട്ടു കിണറ്റിലേക്ക് ഒഴുകി കിണര്‍ മലിനമാക്കപ്പെട്ട് ഉപയോഗ ശൂന്യമായിരിക്കയാണ്.പ്രതിഷേധം കനത്തതോടെ ഫ്ളാറ്റിലെ താമസക്കാര്‍ ഈ കുടുംബത്തിന് മറ്റൊരു കിണര്‍ കുഴിച്ചു നല്‍കുകയായിരുന്നു. ഭൂമി കുഴിച്ച്‌ പാര്‍ക്കിങ് ഉണ്ടാക്കി ഇതിനും താഴെയാണ് കക്കൂസ് ടാങ്ക് കുഴിച്ചത്.മറ്റു കിണറുകളിലേക്കും മാലിന്യം എത്തിപ്പെടുമെന്ന ഭീഷണിയിലാണ് പരിസരവാസികള്‍.

ഇവയ്ക്കെല്ലാം പുറമെ സ്വിമ്മിങ് പൂളും നിര്‍മ്മിച്ചിട്ടുണ്ട്.നേരത്തെ വേനല്‍ കാലത്ത് ആവശ്യത്തിന് കുടിവെള്ളം ലഭിക്കുന്ന പ്രദേശമാണിത്.ഫ്ലാറ്റ് നിര്‍മ്മാണത്തോടെ കിണറുകളിലെ വെള്ളം വറ്റുകയും, മലിന മാകാനും തുടങ്ങി.ഇത് സംബന്ധിച്ച്‌ പ്രദേശ വാസികള്‍ നഗരസഭാ സെക്രട്ടറിയ്ക്കും,വടകര പോലീസിലും പരാതി നല്‍കി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *