KOYILANDY DIARY.COM

The Perfect News Portal

ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം

ഗൂഗിൾ ചേട്ടൻ പറയുന്നത് …..
ലോക ഫോട്ടോഗ്രാഫി ദിനമായ ഇന്ന് കൊയിലാണ്ടിയിലെ സീനിയ‍ ഫോട്ടോഗ്രാഫര്‍ ബൈജു എംപീസ് ശ്രദ്ധേയനാകുകയാണ്. ഈ മേഖലയിലെ കൊയിലാണ്ടിയുടെ മുഖമാണ് ബൈജു. പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ഫോട്ടോ അയക്കുകയെന്നത് തന്‍റെ തൊഴിലന്‍റെ ഭാഗമാണെങ്കിലും പ്രതിഫലം പറ്റാതെ ബൈജു ചെയ്യുന്ന സേവനങ്ങള്‍ പലരുടെയും കണ്ണ് തുറപ്പിച്ചിട്ടുണ്ട്. അതി സാഹസികമായി രംഗങ്ങളും, കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്ളും പകര്‍ത്തുക എന്നത് ബൈജുവിനെ വേറിട്ടു നിര്‍ത്തുന്നു. അതില്‍ ഏറ്റവും മികച്ചത് പോലീസ് സേനയ്ക്ക് നല്‍കുന്ന സേവനമാണ് എടുത്തു പറയേണ്ടത്. ആരും ഒന്ന് അറച്ചു നില്‍ക്കുന്ന ഭീകര ദൃശ്യങ്ങള്‍ അല്‍പ്പം വിറയോലോടെയാണെങ്കിലും അത് പകര്‍ത്താന്‍ കൊയിലാണ്ടിയില്‍ ബൈജുവിന് പകരക്കാരനില്ലെന്ന് തന്നെ വേണം പറയാന്‍.
വിവിധ അപകടങ്ങളില്‍പ്പെട്ട് റോഡിലും മറ്റിടങ്ങളിലും ആളെ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ചിതറിത്തെറിച്ച മുനുഷ്യ രൂപങ്ങള്‍ ഏത് പ്രായക്കാരന്‍റെതാണെന്നുപോലും തിരിച്ചറിയാത്ത നിമിഷങ്ങള്‍ എല്ലാം തന്‍റെ ക്യാമറക്കുള്ളിലാക്കി ചുമതലകള്‍ പൂര്‍ത്തിയാക്കി ബൈജു മടങ്ങും ഒരു പ്രതിഫലവും വാങ്ങാതെ. ഒരിക്കല്‍പോലും ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പോലീസും മറ്റ് അധികൃതരും സേവനം തേടി ബൈജുവിനെ വിളിച്ച് തന്‍റെ ചുമതലകള്‍ പൂര്‍ത്തിയായാക്കിയാല്‍ പണം എത്രയെന്ന് ചോദിക്കും. പക്ഷെ ഉത്തരം ഒന്നേ ഉള്ളൂ.  വേണ്ട.. എന്താണെന്ന് ചോദിച്ചാല്‍ തന്‍റെ കഴിഞ്ഞ കാല അനുഭവങ്ങള്‍ അവരുടെ മുന്നില്‍ ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞ് തീര്‍ത്ത് ഉടനെ തിരിഞ്ഞ് നടക്കും.
പോലീസിന്‍റെ ഇൻക്വസ്റ്റ് / ഫോറൻസിക് നടപടികളും ബൈജുതന്നെയാണ് പകര്‍ത്താറുള്ളത്. മോര്‍ച്ചറിക്കുള്ളിലെ ഭീകര രൂപങ്ങള്‍.. ചിതറിയ മാംസ കഷ്ണങ്ങള്‍ ഓരോ ഭാഗവും പകരത്തിയെടുക്കേണ്ടതുണ്ട്. ചിലത് മണിക്കൂറുകളെടുക്കും അതുവരെ ശ്വാസം അടക്കിപ്പിടിച്ച് അതിനകത്ത്തന്നെ. പാതി മാത്രമുള്ള അല്ലെങ്കില്‍ എല്ലാം കൂട്ടിയിട്ട മൃതദേഹ ഭാഗങ്ങള്‍ കരളലിയിപ്പിക്കുന്ന നിമിഷങ്ങളാണ് സമ്മാനിക്കാറുള്ളതെന്ന് ബൈജു പറയും. എന്നാലും പ്രതിഫലം വാങ്ങില്ല. ഏത് അര്‍ദ്ധ രാത്രിയിലും ബൈജുവിന്‍റെ സേവനം ലഭിക്കുമെന്നതും ഏറെ ശ്രദ്ധേയമാണ്. ട്രെയിന്‍ തട്ടിയുള്ള മരണം പകര്‍ത്തുന്നതും ഏറെ ഭയാനകമാണ്. കോരിച്ചൊരിയുന്ന മഴയത്ത് ഇരു ഭാഗത്തും കാടുകളാല്‍ മൂടപ്പെട്ട റെയില്‍വെ ട്രാക്കില്‍ അര്‍ദ്ധ രാത്രി ചീവീടിന്‍റെ ഭീകര ശബ്ദം ചെവിക്കുള്ളിലേക്ക് തുളച്ച് കയറുന്ന കൂരിരുട്ടില്‍ ആത്മ ദൈര്യം വിടാതെ അവിടെ കഴിച്ചുകൂട്ടുന്ന നിമിഷങ്ങള്‍.. ചിലപ്പോള്‍ ചിതറിത്തെറിച്ച് സ്ത്രീ രൂപം, എല്ലെങ്കില്‍ പുരുഷന്മാര്‍, കുട്ടികള്‍.. ഇങ്ങനെ നൂറുകണക്കിന് അനുഭവങ്ങളാണ് ബൈജുവിന് പറയാനുള്ളത്.
പലപ്പോഴും വ്യാജ വാറ്റുകള്‍ പിടിക്കാനായി പോകുന്ന എക്സൈസ്, പോലീസ് സംഘത്തിനൊപ്പം അ‍ദ്ധരാത്രിയിലുള്ള യാത്രകളും ബൈജു ഓര്‍ക്കുന്നുണ്ട്. കൊയിലാണ്ടി മേഖലയിലെ മൂരാട് മുതല്‍ കോരപ്പുഴവരെയുള്ള വിവിധ സ്ഥലങ്ങള്‍, പുഴയോരങ്ങളായ നെല്ല്യാടി കളത്തിന്‍ കടവിലും മറ്റും അ‍ദ്ധരാത്രിയില്‍ തോണിയില്‍ സഞ്ചരിക്കേണ്ട അനുഭവങ്ങള്‍.. കോച്ചുന്ന തണുപ്പത്ത് കുന്നിന്‍ മലകളിലൂടെ പോലീസുമായുള്ള വ്യാജ വാറ്റ് വേട്ടക്കായി വാറ്റുകാരുടെ അക്രമം ഉണ്ടാകുമെന്നറിഞ്ഞിട്ടും ഒരു പ്രതിഫലവും വാങ്ങാറില്ല എന്നത് പല പോലീസ് ഉദ്യോഗസ്ഥരും ആശ്ചര്യത്തോടെയാണ് നോക്കിക്കണ്ടത്. ഇത് പല പോലീസ് ഉദ്യോഗസ്ഥരും ബൈജുവിനെ ഫോണില്‍ വിളിച്ചും നേരില്‍ കണ്ടും ചോദിച്ചറിഞ്ഞിട്ടുണ്ട്.
​കോഴിക്കോട് റൂറൽ പോലീസ് ജില്ലയിലെ 10-ഓളം പോലീസ് സ്റ്റേഷനുകൾക്കു കീഴിൽ നടക്കുന്ന അപകടങ്ങൾ, ആത്മഹത്യകൾ, ദുരൂഹ മരണങ്ങൾ തുടങ്ങിയവയുടെ ഇൻക്വസ്റ്റ് (പ്രേത പരിശോധന) ദൃശ്യങ്ങൾ പകർത്തി നൽകുന്നത് ബൈജുവാണ്. കഴിഞ്ഞ 20 വർഷത്തിലേറെയായി ആയിരക്കണക്കിന് മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് ചിത്രങ്ങൾ പോലീസ് ആവശ്യങ്ങൾക്കായി സൗജന്യമായി എടുത്തു നൽകിയിട്ടുണ്ട്.
വർഷങ്ങൾക്ക് മുൻപ് വിഷം കഴിച്ച് ആത്മഹത്യ ചെയ്ത ഒരാളുടെ മൃതദേഹത്തിന്റെ ഫോട്ടോ എടുക്കാൻ പോയപ്പോഴാണ്, ആത്മഹത്യയുടെ കാരണം അറിഞ്ഞ് മനസ്സലിഞ്ഞ് പോലീസിന് വേണ്ടിയെടുക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾക്ക് പ്രതിഫലം വാങ്ങില്ല എന്ന തീരുമാനം അദ്ദേഹം എടുത്തത്. ശ്രദ്ധേയമായ അനുഭവങ്ങളും സേവനങ്ങളും ഏറെ. കേരളത്തെ പ്രകമ്പനം കൊള്ളിച്ച കൂടത്തായി കൊലപാതക പരമ്പര കേസ് ഉൾപ്പെടെ നിരവധി പ്രമുഖമായ കേസുകളിൽ അന്വേഷണ മികവിനായി പോലീസ് ബൈജുവിന്റെ സേവനമാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. കോടതികളിൽ സാക്ഷിയായും എത്രയോ തവണ. അത് ഇപ്പോഴും തുടരുന്നു. കോവിഡ് മഹാമാരിയുടെ കാലത്തും ഭയപ്പെടാതെ പിപിഇ കിറ്റ് ധരിച്ച് മൃതദേഹങ്ങളുടെ ചിത്രങ്ങൾ പകർത്തി പോലീസിനെയും ആരോഗ്യ വിഭാഗത്തെയും സഹായിക്കാൻ അദ്ദേഹം മുന്നിലുണ്ടായിരുന്നു.
വിമുക്തഭടനായ ശിവന്റെയും രമയുടെയും മകനാണ്. നാല് തലമുറയായി ഫോട്ടോഗ്രാഫി പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള ആളാണ് ബൈജു. മുത്തച്ഛന്റെ അമ്മാവനും, സ്വന്തം അമ്മാവന്മാരിൽ 5 പേരും ഫോട്ടോഗ്രാഫർമാരാണ്. ഭാര്യ: ഷിജി, മകൻ: ആയുർ ബിസിനസ്സ് മേഖലയിലാണ്. കൊയിലാണ്ടി സ്റ്റേഡിയം കോംപ്ലക്സിലുള്ള എംപീസ് സ്റ്റുഡിയോ ഉടമകൂടിയായ ബൈജു ഏതു സമയത്തും പോണ്‍ കോളിനായി കാതോര്‍ത്ത് അവിടെയുണ്ടാകും.. വിവാഹ ഫോട്ടോഗ്രാഫി, ന്യൂസ് ഫോട്ടോഗ്രാഫി എന്നീ മേഖലകളിലും മികച്ച പ്രവര്‍ത്തനം നടത്തുന്നു. പ്രവർത്തിക്കുന്നു.
Share news
error: Content is protected !!