KOYILANDY DIARY.COM

The Perfect News Portal

കടിച്ച നായയെ കീഴ്‌പ്പെടുത്തി യുവാവ്

കോഴിക്കോട്: കടിച്ച നായയെ കീഴ്‌പ്പെടുത്തി യുവാവ്. പന്തീരാങ്കാവ് നടുവീട്ടിൽ അബ്‌ദുൽ നാസറാണ് വെള്ളിയാഴ്‌ച രാവിലെ നടക്കുന്നതിനിടെ പന്നിയൂർകുളത്ത് നായയുടെ ആക്രമണത്തിന് ഇരയായത്. ദേഹമാസകലം കടിയേറ്റെങ്കിലും നാസർ നായയെ സാഹസികമായി കീഴ്‌പ്പെടുത്തി.

കീഴ്‌പ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നായ് മറ്റുള്ളവരെയും കടിക്കുന്നത് തടയാനായിരുന്നു നാസറിന്റെ ശ്രമം. നാസർ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു. അതേസമയം നായ ഇന്ന് പുലർച്ചെ ചത്തു. വിഷയം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു. തന്നെ കടിച്ച നായ മറ്റുള്ളവരെ കടിക്കാതിരിക്കാൻ താൻ ഇടപെട്ട സംഭവം തനിക്കു തന്നെ തലവേദനയാകുമോ എന്ന സംശയത്തിലാണ് ഇപ്പോൾ നാസർ.

നാസറിനെ കടിച്ച നായ കുട്ടികളുടെ അടുത്തേക്ക് കടിക്കാനായി പാഞ്ഞടുക്കുമ്പോഴാണ് നാസർ കടന്നുപിടിച്ചത്. കഴിഞ്ഞ ദിവസം നായ ഉടമയെയും കടിച്ചിരുന്നു. ഉടമ വീട്ടിൽ നായയെ കെട്ടിയിട്ട് ആശുപത്രിയിൽ പോയപ്പോഴാണ് വീണ്ടും കയറു പൊട്ടിച്ച് നാസറിനെ കടിച്ചത്. നായ ചത്തപ്പോഴാണ് വിഷയം ചർച്ചയാവുന്നത്. നാസർ ഇടപെട്ടില്ലെങ്കിൽ പ്രദേശത്ത് ഭൂരിഭാഗം ആളുകളെയും നായ കടിച്ചിട്ടുണ്ടാകുമെന്നും നായ അക്രമാസക്തമായിരുന്നെന്നും പ്രദേശവാസികൾ പറയുന്നു.

Share news
error: Content is protected !!