KOYILANDY DIARY.COM

The Perfect News Portal

സ്വരരാഗസുധ 26 ശ്രീ രാമാനന്ദ ആശ്രമത്തിൽ സംഗീതാർച്ചനാ ദിനമായി ആചരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ മുതിർന്നവർക്കായി നടത്തുന്ന സംഗീത പഠന ക്ലാസ്സായ സംഗീത സായന്തനം സ്വരരാഗസുധ 26 എന്ന പേരിൽ 
ശ്രീ രാമാനന്ദാ ആശ്രമത്തിൽ സംഗീതാർച്ചനാ ദിനമായി ആചരിച്ചു. പ്രസിദ്ധ സംഗീതജ്ഞനായ സുനിൽ തിരുവങ്ങൂർ ഉദ്ഘാടന ചെയ്തു. മുതിർന്ന തലമുറയ്ക്ക് തികഞ്ഞ മാനസികോല്ലാസം ലഭിക്കുന്ന വിധത്തിൽ നിസ്വാർത്ഥമായി സേവനം അനുഷ്ഠിക്കുന്ന പാലക്കാട് പ്രേം രാജ് മാസ്റ്ററെ പോലുള്ളവരുടെ പ്രവർത്തനങ്ങൾ കാണാൻ സർക്കാരിൻ്റെ കലാ സാംസ്കാരിക വകുപ്പിനും, ലളിത കലാ അക്കാദമികൾക്കും കഴിയാത്തത് എന്തുകൊണ്ടാണെന്ന് സുനിൽ തിരുവങ്ങൂർ പറഞ്ഞു. കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സോമൻ ചാലിൽ അധ്യക്ഷത വഹിച്ചു. ശ്രീ രാമാനന്ദ ആശ്രമത്തിലെ പൂജനീയ സ്വാമിജി ശിവകുമാരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.
തുടർന്ന് സംഗീത സായന്തനം ക്ലാസ്സിലെ പഠിതാക്കളായ 45 ഓളം പേർ കർണാടക സംഗീതത്തിലെ പ്രസിദ്ധമായ കീർത്തനങ്ങളും വർണ്ണങ്ങളും അവതരിപ്പിച്ചു.
രാരവേണു ഗോപബാല, ഭാഗ്യാദ ലക്ഷ്മീ ബാരമ്മാ, മാനസ സഞ്ചരരേ തുടങ്ങിയ വർണ്ണങ്ങളും, മറ്റ് സ്തുതികളും ഗീതങ്ങളും അയഗ്ന ലളിതമായി അവർ പക്കമേളത്തോടൊപ്പം പാടിയത് കേൾവിക്കാരായ വലിയ സദസ്സ് സന്തോഷത്തോടെ സ്വീകരിച്ചു. പഠിതാക്കൾ 60,70 കാലഘട്ടങ്ങളിലെ ചലച്ചിത്ര ഗാനങ്ങളുടെ കരോക്കെയും സംഘ ഗാനങ്ങളും അവതരിപ്പിച്ചു.
സംഗീത സായന്തനം ക്ലാസ്സിനെ അർപ്പണ ബോധത്തോടെയും സാമൂഹ്യ സേവനം എന്ന നിലയിലും നടത്തിക്കൊണ്ടുപോകുന്ന പ്രിയ അധ്യാപകൻ പാലക്കാട് പ്രേം രാജിനെ കേരള സീനിയർ സിറ്റിസൺസ് ഫോറം മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട്  സത്യപാലൻ മാസ്റ്റർ പൊന്നാടയണിയിച്ചു. അഡ്വ. ചന്ദ്രശേഖരൻ, ഗായിക തേജാലക്ഷ്മി, ലക്ഷ്മി ടീച്ചർ, പി.വി. പ്രമോദ്, രാമചന്ദ്രൻ ഗിരിജാലയം എന്നിവരും പങ്കെടുത്തു. കവിയും പ്രോഗ്രാം കോർഡിനേറ്ററുമായ ചന്ദ്രൻ കാർത്തിക സ്വാഗതവും
സംഘാടക സമിതി കൺവീനർ സുരേഷ് അമൃതാജ്ഞലി നന്ദിയും പറഞ്ഞു.
Share news
error: Content is protected !!