KOYILANDY DIARY

The Perfect News Portal

മലപ്പുറത്ത് ഇടിമിന്നലിൽ വൻനാശനഷ്ടം

മലപ്പുറത്ത് ഇടിമിന്നലിൽ വൻനാശനഷ്ടം. വളാഞ്ചേരി എടയൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ താമസിക്കുന്ന മൂന്നാക്കല്‍ കുത്തുകല്ലിങ്ങല്‍ ഉമൈബയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ അതിശക്തമായ മഴയിലും ഇടിമിന്നലിലും വന്‍ നാശനഷ്ടം ഉണ്ടായത്. ഇടിമിന്നലിനെ തുടര്‍ന്ന് സ്വിച്ച് ബോര്‍ഡില്‍ നിന്നും തീയുണ്ട വന്ന് ബെഡില്‍ പതിക്കുകയായിരുന്നു. ഉമൈബ ഉടൻ തന്നെ റൂമില്‍ നിന്നും പുറത്തേക്കോടി അടുത്ത വീട്ടില്‍ കയറുകയായിരുന്നു.

കനത്ത ഇടിമിന്നലില്‍ ഉമൈബയുടെ വീടിൻ്റെ റൂമിലെ സ്വിച്ച് ബോര്‍ഡില്‍ നിന്നും വന്ന തീയുണ്ട ബെഡില്‍ വീണ് റൂമില്‍ കിടന്നിരുന്ന വീട്ടുപകരണങ്ങളും തറയില്‍ ഇട്ടിരുന്ന ടൈല്‍സും കത്തിക്കരിഞ്ഞ് വന്‍ നാശനഷ്ടമാണുണ്ടായത്. മുറി പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. പുലര്‍ച്ചെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീടിൻ്റെ ഉള്ളില്‍ നിന്നും തീയും പുകയും ഉയരുകയും ഉപയോഗശൂന്യമാക്കപ്പെട്ട വിധം കാണാന്‍ കഴിഞ്ഞതും ഉമൈബ സമീപവാസികളെ വിവരം അറിയിക്കുകയും ചെയ്തു. പിന്നീട് അവര്‍ വന്നാണ് തീ അണച്ചത്.