KOYILANDY DIARY

The Perfect News Portal

ചേലിയ കഥകളി വിദ്യാലയത്തിൽ കഥകളി പഠന ശിബിരം സമാപിച്ചു

ചേലിയ കഥകളി വിദ്യാലയത്തിൽ കഥകളി പഠന ശിബിരം സമാപിച്ചു. 12 ദിവസമായി കഥകളി പഠന ശിബിരം ആരംഭിച്ചിട്ട്. സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
കഥകളിയുടെ പോഷണത്തിന് സമർപ്പിതമായ സുമനസ്സുകളുടെ കൂട്ടായ്മ അത്യാവശ്യമാണെന്നും, അഞ്ച് കലാകാരന്മാരുടെ മനസ്സുകളുടെ ഏകോപനത്തിലൂടെ മാത്രമേ ഒരു കഥകളി രംഗ വിജയം നേടുകയുള്ളൂ എന്നും വളരെ ക്ലിഷ്ടമായ പരിശീലന, അവതരണ സാധ്യതകൾ ഈ കലാരൂപത്തെ ജനങ്ങളിൽ നിന്ന് അകറ്റി നിർത്തുന്നു. അതി കഠിനമായ ശ്രമം, നിസ്വാർത്ഥമായ ഇടപെടൽ, ക്ഷമയോടെയുള്ള രംഗാവിഷ്കാരം ഇവയിലൂടെ മാത്രമേ കഥകളി രംഗ വിജയം നേടുകയുള്ളു എന്നും പത്മശ്രീ മട്ടന്നൂർ അഭിപ്രായപ്പെട്ടു.
ഈ മേഖലയിലുള്ള ഏറ്റവും ശ്രദ്ധേയമായ കാൽവെപ്പാണ് ചേലിയ കഥകളി വിദ്യാലയം നടത്തി വരുന്ന കഥകളി പഠനശിബിരം. ഇരുപത് കഥകളി പഠന ശിബിരങ്ങളിലൂടെ ആയിരത്തിലധികം വിദ്യാർത്ഥികളെ ഈ കലാരൂപത്തോടു അഭിനിവേശമുള്ളവരാക്കി മാറ്റി എന്നത് ഏറെ ശ്രദ്ധേയമാണെന്നും പത്മശ്രീ മട്ടന്നൂർ ചൂണ്ടിക്കാട്ടി.
ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ശിബിരാംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡോ.എൻ.വി.സദാനന്ദൻ, സന്തോഷ് സദ്ഗമയ, കലാമണ്ഡലം പ്രേംകുമാർ, കലാമണ്ഡലം ശിവദാസ്, പ്രഭാകരൻ പുന്നശ്ശേരി, കലാനിലയം ഹരി, കെ.പി. ബിജു, പ്രശോഭ്.ജി എന്നിവർ സംസാരിച്ചു. തുടർന്ന് ഭരതനാട്യം, ലവണാസുരവധം കഥകളി, അക്റോബാറ്റിക് നൃത്തം, പ്രഹ്ളാദ ചരിതം കഥകളി എന്നിവ അരങ്ങേറി.