KOYILANDY DIARY

The Perfect News Portal

കാളിയാട്ട മഹോത്സവം: ക്ഷേത്ര പരിസരത്തെ ഭക്ഷണ വില്പനക്ക് താൽക്കാലിക രജിസ്ട്രേഷൻ നിർബന്ധം

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന ഭക്ഷണ സ്റ്റാളുകൾക്കും, മറ്റു ഭക്ഷ്യ വസ്തുക്കളുടെ വില്പനയ്ക്കും നഗരസഭയുടെയും, ഭക്ഷ്യസുരക്ഷാ വിഭാഗത്തിൻ്റെയും താൽക്കാലിക രജിസ്ട്രേഷൻ നിർബന്ധമാക്കി. മഹോത്സവത്തോടനുബന്ധിച്ച് കൊയിലാണ്ടി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ തഹസിൽദാർ സി. പി. മണി വിളിച്ച് ചേർത്ത വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിലാണ് തീരുമാനം.
ആരോഗ്യത്തിന് ഹാനികരമാവുന്ന ഭക്ഷണ സാധനങ്ങൾ വിൽക്കുന്നത് കണ്ടെത്താനും ഭക്ഷ്യവിഷബാധ തടയുന്നതിനും, അനുമതിയില്ലാത്ത വസ്തുക്കളുടെ വില്പന തടയുന്നതിനും പരിശോധന നടത്തുന്നതിനും കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുന്നതിനും ഉത്സവ ദിവസങ്ങളില്‍ ക്ഷേത്ര പരിസരത്തെ കടകളില്‍ സംയുക്ത പരിശോധന
നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Advertisements
ഉത്സവ ദിവസങ്ങളിൽ മദ്യം മയക്കുമരുന്ന് ഉപയോഗവും വില്പനയും തടയുന്നതിന് കർശന പരിശോധന നടത്തുന്നതിന് പോലീസ് എക്സൈസ് വകുപ്പുകൾക്കും യോഗത്തിൽ നിർദേശം നൽകിയിട്ടുണ്ട്. ഉത്സവ ദിവസങ്ങളിൽ ക്ഷേത്ര ചടങ്ങുകളുടെ ഭാഗമായി നടത്തേണ്ട കരിമരുന്ന് പ്രയോഗം അനുമതി വാങ്ങിയ ശേഷം പൂർണമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി
നടത്തുന്നതിനും തീരുമാനിച്ചു.
അന്നദാനം കൗണ്ടറുകളിൽ സർക്കാർ മാനദണ്ഡ പ്രകാരമുള്ള മുന്നൊരുക്കങ്ങൾ സ്വീകരിക്കുന്നതിനും, എഴുന്നളളത്തിന് ആനകളെ  ഉപയോഗിക്കുമ്പോൾ ഫോറസ്റ്റ് വകുപ്പ് നൽകിയിട്ടുള്ള മാനദണ്ഡം കൃത്യമായി പാലിക്കുന്നതിനും, ഉത്സവത്തിന് ശേഷം സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ ക്ഷേത്ര പരിസരം ശുചീകരിക്കുന്നതിനും ക്ഷേത്ര കമ്മിറ്റിക്ക് യോഗത്തില്‍ നിർദ്ദേശം നൽകിയിട്ടുണ്ട്.
യോഗത്തിൽ പിഷാരികാവ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ജഗദീഷ് പ്രസാദ്, എക്സൈസ് ഇൻസ്പെക്ടർ ബിനുഗോപാല്‍, സബ് ഇന്‍സ്പെക്ടര്‍ വിശ്വനാഥൻ. എം. എം, കൊയിലാണ്ടി സ്റ്റേഷൻ
ഓഫീസർ സി. പി. ആനന്ദൻ, കൊയിലാണ്ടി എ. എം. വി. ഐ അനൂപ്. എസ്. പി, ഫുഡ്സേഫ്റ്റി ഓഫീസർ ഡോ. വി.ജി. വിൽസൺ, കെ. എഫ്. ഒ. ബിജേഷ് കുമാര്‍, മുന്‍സിപ്പാലിറ്റിക്കുവേണ്ടി സുരേഷ്. എ. പി, റിഷാദ്. കെ, മറ്റു ക്ഷേത്ര ഭാരവാഹികൾ എന്നിവര്‍ പങ്കെടുത്തു.