KOYILANDY DIARY

The Perfect News Portal

കാലാവധി അവസാനിച്ചിട്ടും സിൻ്റിക്കേറ്റ് താൽക്കാലിക നിയമനം അനിശ്‌ചിതമായി നീളുന്നു: കെ.വി.ജെ

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റിൻ്റെ കാലാവധി അവസാനിച്ചിട്ടും  സിൻഡിക്കേറ്റ് താൽക്കാലിക നിയമനം അനിശ്ചിതമായി നീളുന്നതായ് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു. നിലവിലുണ്ടായിരുന്ന സിൻഡിക്കേറ്റ്, സെനറ്റ് എന്നിവയുടെ കാലാവധി കഴിഞ്ഞ മാർച്ച് 6 ന് അവ സാനിച്ചിരുന്നു. എന്നാൽ ഇതുവരെ സിൻഡിക്കേറ്റിൻ്റേയും സെനറ്റിൻ്റേയും ചുമതല ബന്ധപ്പെട്ടവർ ആരേയും അധികാരപ്പടുത്തിയിട്ടില്ലെന്നും കേരള വിദ്യാർത്ഥി ജനത പറഞ്ഞു.
അതേസമയം കീഴ്വഴക്കമനുസരിച്ച് സിൻഡിക്കേറ്റിൻ്റെ കാലാവധി അവസാനിച്ചാൽ ഉടൻ തന്നെ ചാൻസലറായ ഗവർണർ പുതിയ സമിതി നിലവിൽ വരുന്നതു വരെ ചുമതലകൾ നിർവ്വഹിക്കാൻ താൽക്കാലിക സമിതി നിയമിക്കുകയാണ് പതിവ്. സർവ്വകലാശാല നിയമപ്രകാരം സർവ്വകലാശാല ഭരണ സമിതി പിരിച്ചു വിടുകയോ, സസ്പെൻഡ് ചെയ്യുകയോ, പിരിയുകയോ ചെയ്താൽ ഒരു താൽക്കാലിക സമിതി രൂപീകരിക്കാനുള്ള അധികാരം ചാൻസലർ കൂടിയായ ഗവർണറിൽ നിക്ഷിപ്തമാണ്.
Advertisements
അക്കാര്യം ചൂണ്ടിക്കാട്ടിയാണ് നിയമസഭയിൽ സമാന്തരമായ മറ്റൊരു സമിതി രൂപീകരിക്കുവാ നുള്ള ബില്ല് അവതരിപ്പിക്കുന്നതിന് ഗവർണർ അനുമതി നിഷേധിച്ചത്. അടുത്ത സെനറ്റ് വരുന്നതു വരെ നിലവിലുള്ള സെനറ്റ് തുടരാം എന്ന രീതിയിൽ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്ങ്മൂലം വസ്തുതകളെ വളച്ചൊടിക്കുന്നതുമാണ്.
നിയമസഭ പാസാക്കിയ യൂണിവേഴ്സിറ്റി ആക്ട്18(1)ൽ എല്ലാ 4 വർഷം കൂടുമ്പോളും സെനറ്റ് പുന:സംഘടിപ്പിക്കണമെന്നു വ്യക്തമാക്കുന്നുണ്ട്. ഇതിനെ തുടർന്ന് ഭരണപരമായ തീരുമാനമെടുക്കാനാവാതെ സർവ്വകലാശാല പ്രവർത്തനം താളം തെറ്റുന്നു. അതേ സമയം സെനറ്റ് പുന:സംഘടിപ്പിക്കുന്നതു വരെ നിലവിലെ സമിതിയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി സിൻഡിക്കേറ്റ് പുന:സംഘടന നടത്തുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ വൈസ് ചാൻസലർ നിലവിലെ സമിതിക്ക് തുടരാൻ അനുമതി നൽകുകയാണെങ്കിൽ വി.സി യെ എതിർ കക്ഷിയാക്കി ഗവർണറേയും, കോടതിയെയും സമീപിക്കുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി വ്യക്തമാക്കി.
ജൂൺ 30 നകം സെനറ്റ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് സർവ്വകലാശാലയോട് കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. ഈ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം ഉണ്ടാകണമെന്ന് കേരള വിദ്യാർത്ഥി ജനതാ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എസ്. വി ഹരിദേവ്, ജില്ലാ ജനറൽ സെക്രട്ടറി അരുൺ നമ്പിയാട്ടിൽ എന്നിവർ സംയുക്ത  പ്രസ്താവനയിൽ ആവശ്യപ്പെട്ടു.