KOYILANDY DIARY

The Perfect News Portal

കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 7 വിക്കറ്റ് ജയം

കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. നാലാം ദിവസം ബംഗ്ലാദേശ് തുടങ്ങിയ ആക്രമണ ബാറ്റിങ്ങിനെ ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചു. മഴമൂലം മൂന്ന് ദിവസത്തെ കളി ഏതാണ്ട് പൂര്‍ണമായും നഷ്ടമായിട്ടും രണ്ട് ദിവസം കൊണ്ടാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

 

ജയത്തോടെ രണ്ട് മത്സര പരമ്പര 2-0ന് തൂത്തുവാരിയ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി. സ്കോര്‍ ബംഗ്ലാദേശ് 233, 146, ഇന്ത്യ 285-9, 98-3. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (8), ശുഭ്മാന്‍ ഗില്‍ (6), യശസ്വി ജയ്സ്വാള്‍ (51) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. റിഷഭ് പന്തും (4), വിരാട് കോലിയും (29) പുറത്താകാതെ നിന്നു.

95 റണ്‍സ് വിജയത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ മെഹ്ദി ഹസനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ ക്യാച്ച് നല്‍കി മടങ്ങി. മൂന്നാം നമ്പറിലിറങ്ങിയ ശുഭ്മാന്‍ ഗില്ലിനെ (6) അഞ്ചാം ഓവറില്‍ മെഹ്ദി ഹസന്‍ മടക്കി. തുടർന്ന് കോലിയും യശസ്വിയും ചേര്‍ന്ന് ഇന്ത്യയെ ജയത്തിന് അടുത്തെത്തിച്ചു. ജയത്തിന് മൂന്ന് റണ്‍സരികെ യശസ്വി വീണെങ്കിലും കോലിയും ബൗണ്ടറിയിലൂടെ റിഷഭ് പന്തും ഇന്ത്യയുടെ ജയം പൂര്‍ത്തിയാക്കി.

Advertisements