സാമ്പത്തിക തട്ടിപ്പ്: എംസികെ സ്ഥാപനത്തിന്റെ കൊയിലാണ്ടി ബ്രാഞ്ച് മാനേജർ അറസ്റ്റിൽ
.
കൊയിലാണ്ടി: ആകർഷകമായ വാഗ്ദാനങ്ങൾ നൽകി കോടികൾ തട്ടിയെടുത്ത് നിക്ഷേപകരെ വഞ്ചിച്ച സംഭവത്തിൽ എംസികെ സ്ഥാപനത്തിന്റെ കൊയിലാണ്ടി ബ്രാഞ്ച് മാനേജർ അറസ്റ്റിൽ. മുതുവടത്തൂർ പുറമേരി കൂളം കണ്ടിയിൽ പ്രേംജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി സാഫ് ആർക്കേഡിൽ എംസികെ എന്ന സ്ഥാപനം 2019 ലാണ് പ്രവർത്തനം ആരംഭിച്ചത്. തൃശ്ശൂർ ആസ്ഥാനമായുള്ള സ്ഥാപനത്തിന് കേരളത്തിൽ 32 ഓളം ബ്രാഞ്ചുകൾ ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപകർ ലക്ഷങ്ങൾ ഡിപ്പോസിറ്റ് ചെയ്തത്.

കാലാവധി കഴിഞ്ഞ് ഡെപ്പോസിറ്റ് തിരിച്ചെടുക്കാൻ നിക്ഷേപകർ പലരും എത്തിയിട്ടും, ഉടൻ നൽകുമെന്ന് പറഞ്ഞ് നിക്ഷേപകരെ പറഞ്ഞയക്കുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്നും മാത്രം കോടികൾ നിക്ഷേപകരിൽ നിന്നും പിരിച്ചെടുത്തിട്ടുണ്ട്. 60 ഓളം നിക്ഷേപകർ കൊയിലാണ്ടി പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. ഇതിന്റെ ചെയർമാൻ ടി.ടി. ജോസ് നേരത്തെ അറസ്റ്റിലായിരുന്നു. 12 ഓളം ഡയറക്ടർമാരെയും ചോദ്യം ചെയ്യുമെന്നാണ് പറയുന്നത്.




