KOYILANDY DIARY

The Perfect News Portal

ബിജെപി യുടെ എം.എൽ.എ ഓഫീസ് മാർച്ച് സമര പ്രഹസനം

കൊയിലാണ്ടി: ബിജെപി യുടെ എം.എൽ.എ ഓഫീസ് മാർച്ച് സമര പ്രഹസനമെന്ന് കാനത്തിൽ ജമീല പ്രസ്താവനയിലൂടെ പറഞ്ഞു. വ്യാഴാഴ്ച എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടക്കുന്നതായി മാധ്യമങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചതായും എന്നാൽ ഇതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും എംഎൽഎ ഒഫീസിൽ ലഭിച്ചിട്ടില്ല. മത്രമല്ല അവർ സമരത്തിൻ്റെ മുദ്രാവാക്യമായി മുന്നോട്ടു വച്ച കാര്യങ്ങളെല്ലാം മണ്ഡലത്തിൽ നടപ്പിലാക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയതാണ്. 
കേരളതീരം നാൾക്കുനാൾ ഏറിവരുന്ന  കടലാക്രമണ ഭീഷണിയിലാണ്. കേരളത്തിൽ രൂക്ഷമായ കടലാക്രമണം നേരിടുന്ന തീരങ്ങളെ 10 ഹോട്ട്സ്പോട്ടുകളാക്കി തിരിച്ചതിൽ ഒന്നാണ് കാപ്പാട് തീരം. ഇത്തരം തീവ്ര കടലാക്രമണ ഭീഷണിയുള്ള തീരങ്ങളെ സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാൻ കിഫ്ബിയിൽ നിന്നും 5500 കോടിരൂപ അനുവദിക്കാൻ തീരുമാനിക്കുകയും  ശാസ്ത്രീയമായ പഠനം നടത്തുന്നതിനായി ചെന്നൈ ആസ്ഥാനമായ “നാഷണൽ സെൻ്റർ ഫോർ കോസ്റ്റൽ റിസർച്ച് ” (NCCR) എന്ന കേന്ദ്ര ഏജൻസിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Advertisements
കാപ്പാട് എൻ സി സി ആർ വിശദമായ പഠനം നടത്തുകയും ഡിസൈൻ തയ്യാറാക്കി സർക്കാറിന് സമർപ്പിക്കുകയും ചെയ്തു. എന്നാൽ കേന്ദ്രഗവൺമെൻ്റ് സംസ്ഥാനത്തിൻ്റെ കടമെടുപ്പ്  പരിധിയിൽ കിഫ്ബിയെ കൂടി ഉൾപ്പെടുത്തിയതോടെ കിഫ്ബിയിൽ നിന്നുള്ള ഫണ്ട് പ്രതിസന്ധിയിലായി. എന്നാൽ അനുദിനം തകർന്നു കൊണ്ടിരിക്കുന്ന കാപ്പാടിനെ ഏതുവിധേനയും  സംരക്ഷിക്കേണ്ട സാഹചര്യമായതിനാൽ 2024 – 25 ബജറ്റിൽ സംസ്ഥാന സർക്കാർ 6 കോടി രൂപ വകയിരുത്തുകയും ഭരണാനുമതി നൽകുകയും ചെയ്തു. അതിൻ്റെ സാങ്കേതിക അനുമതി ലഭിക്കുന്നതോടെ ടെണ്ടർ ചെയ്ത് പ്രവൃത്തി ആരംഭിച്ച് നാല് മാസത്തിനുള്ളിൽ  പൂർത്തീകരിക്കാനാകും. മാത്രമല്ല നവകേരള സദസ്സിൽ ലഭിച്ച പരാതികൾ പരിഹരിക്കുന്നതിന് സർക്കാർ അനുവദിച്ച തുകയിൽ 5 കോടി രൂപകൂടി കാപ്പാട് തീര സംരക്ഷണത്തിനാണ് മാറ്റി വെച്ചത്.
.
മേൽ പറഞ്ഞ 11 കോടിയുടെ പ്രവൃത്തി പൂർത്തിയാകുന്നതോടെ കാപ്പാട് –  കൊയിലാണ്ടി തീരദേശ റോഡ് പുനർനിർമ്മിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉറപ്പ് നൽകിയിട്ടുണ്ട്. കിഫ്ബിയുടെ നിയന്ത്രണം കേന്ദ്രം പിൻവലിക്കുകയാണെങ്കിൽ കാപ്പാട് തീരം മത്രമല്ല കേരളത്തിലെ കടലാക്രമണം നേരിടുന്ന മുഴുവൻ തീരങ്ങളെയും മനോഹരമാക്കി സംരക്ഷിക്കാൻ സംസ്ഥാനസർക്കാറിന് യാതൊരു ബുദ്ധിമുട്ടുമില്ല.
.
കൊയിലാണ്ടി പഴയ മാർക്കറ്റ് – ഹാർബർ – വലിയമങ്ങാട് റോഡ്
ഇതിനായി ബജറ്റിൽ വകയിരുത്തിയ 1 കോടി 40 ലക്ഷം രൂപയുടെ പ്രവൃത്തി രണ്ട് മാസത്തിനകം പൂർത്തീകരിക്കാനാവും. കൂടാതെ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെ 28 കോടിയുടെ പ്രവൃത്തികളാണ് കൊയിലാണ്ടി ഹാർബറിൽ നടക്കുന്നത്. ഹാർബർ – ഗുരുകുലം റോഡ് 95 ലക്ഷം രൂപ ചിലവഴിച്ചാണ് പൂർത്തീകരിച്ചത്. കൊയിലാണ്ടി ട്രാഫിക്ക് പോലീസ് സ്റ്റേഷൻ റോഡ് 50 ലക്ഷം രൂപ ചിലവഴിച്ചാണ് മനോഹരമായി പണിതീർത്തത്.
.
കൂടാതെ അരയൻകാവ് –  കൂത്തംവള്ളി റോഡിന് ബജറ്റിൽ 1 കോടി 10 ലക്ഷമാണ് അനുവദിച്ചത്. അതിൻ്റെ പ്രവൃത്തിയും ഉടൻ ആരംഭിക്കും. കൊയിലാണ്ടി മത്സ്യഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി 7 കോടി അമ്പത് ലക്ഷത്തിൻ്റെ വികസന പ്രവൃത്തികളാണ് കൊയിലാണ്ടി തീരദേശത്ത് നടക്കാൻ പോകുന്നത്. ഇത്തരത്തിൽ നിരവധി പദ്ധതികൾ കൊയിലാണ്ടി തീരത്ത് മാത്രം നടപ്പിലാക്കുമ്പോൾ അതിൽ വിറളി പിടിച്ച് നടത്തുന്ന സമരമായി മാത്രമെ ഇതിനെ കാണാൻ കഴിയൂ. ബി ജെ പി ഏതെങ്കിലും തരത്തിലുള്ള ഒരു പ്രസ്ഥാവന പോലും പ്രദേശത്തെ എംപി ക്കെതിരെ നടത്തിയതായി കാണാൻ കഴിയില്ല. അതുകൊണ്ട് തന്നെ ഇത് തികച്ചും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളസമരം മാത്രമാണ് .