ശ്രീ ഗുരുജി വിദ്യാനികേതനിൽ പോഷക യുക്ത ഭക്ഷണ പ്രദർശനം നടത്തി
.
കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും ആഭിമുഖ്യത്തിൽ പോഷകയുക്ത ഭക്ഷണ പ്രദർശനം സംഘടിപ്പിച്ചു. കർക്കിടക മാസത്തിൽ ആരോഗ്യ സംരക്ഷണത്തിൻ്റെ സന്ദേശം വിദ്യാർത്ഥികൾക്ക് നൽകുന്നതിനും ഇലക്കറികളുടെയും ധാന്യങ്ങളുടെയും പോഷക ഗുണങ്ങളെപ്പറ്റി അവബോധം നൽകുന്നതിനും വേണ്ടിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഹെഡ്‌മാസ്റ്റർ കെ.കെ. മുരളി അദ്ധ്യക്ഷം വഹിച്ചു.

വിദ്യാർത്ഥികൾ ഇലകൾ, ധാന്യങ്ങൾ, പഴങ്ങൾ പച്ചക്കറികൾ എന്നിവ ചേർത്തുള്ള വിഭവങ്ങൾ കൊണ്ടുവരികയും പോഷക ഗുണത്തിൻ്റെ ചാർട്ട് പ്രദർശിപ്പിക്കുകയും ചെയ്തു. കൊയിലാണ്ടി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. ശ്വേത വേലായുധൻ, എഎംഎഐ കൊയിലാണ്ടി ഏരിയ സിക്രട്ടറി ഡോ. ആതിര കൃഷ്ണൻ, പ്രസിഡണ്ട് ഡോ. ബബിത പി, ഡോ. ബിന്ദു ദിനേശ് എന്നിവർ സംസാരിച്ചു. ഡോ. ശ്വേത വിദ്യാർത്ഥികൾക്ക് മഴക്കാല രോഗത്തെപ്പറ്റിയും പ്രതിരോധ പ്രവർത്തനത്തെക്കുറിച്ചും ക്ലാസെടുത്തു. മോളി വി.കെ. സ്വാഗതവും ശൈലജ നമ്പിയേരി നന്ദിയും പറഞ്ഞു.



