KOYILANDY DIARY

The Perfect News Portal

ഫോര്‍ട്ട് കൊച്ചി വൈപ്പിന്‍ ദ്വീപുകളെ ബന്ധിപ്പിക്കുന്ന റോറോ സര്‍വീസ് മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

കൊച്ചി: ഫോര്‍ട്ട് കൊച്ചി വൈപ്പിന്‍ ദ്വീപുകളെ ബന്ധിപ്പിക്കുന്ന റോറോ സര്‍വീസ് മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും. 16 കോടി രൂപ ചെലവില്‍ കൊച്ചി കോര്‍പ്പറേഷനാണ് റോറോ യാഥാര്‍ത്ഥ്യമാക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു തദ്ദേശ ഭരണ സ്ഥാപനം റോറോ സര്‍വീസ് തുടങ്ങുന്നത്.യാത്രാ ദുരിതത്തില്‍ വലയുന്ന പശ്ചിമ കൊച്ചിക്കാര്‍ക്ക് ആശ്വാസമായി ഒഴുകുന്ന പാലം, റോള്‍ ഓണ്‍ റോള്‍ ഓഫ് അഥവാ റോറോ സര്‍വീസ്. ഇരുവശത്തുകൂടിയും വാഹനങ്ങള്‍ കയറ്റാനും ഇറക്കാനും കഴിയുന്ന ആധുനിക ജങ്കാറാണ് റോറോ.

നിലവിലെ ജങ്കാറില്‍ ഒരു വശത്ത് കൂടി മാത്രമാണ് വാഹനങ്ങള്‍ കയറ്റാനാകുക. എന്നാല്‍ റോറോ വാഹനങ്ങളെ അക്കരെ കടത്താന്‍ ഒരു പാലം പോലെ പ്രവര്‍ത്തിക്കും. 8 കോടി രൂപ ചെലവില്‍ കൊച്ചി കപ്പല്‍ശാലയിലാണ് റോറോ യാനങ്ങള്‍ നിര്‍മിച്ചത്. എട്ട് കോടി രൂപ ചെലവില്‍ നിര്‍മിച്ച ആധുനിക രീതിയിലുള്ള ജെട്ടിയിലാണ് റോറോ അടുക്കുക. റോറോയില്‍ മൂന്നര മിനിറ്റ് മാത്രം മതി ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് വൈപ്പിനിലെത്താന്‍. നാല് ലോറി, 12 കാറുകള്‍, 50 യാത്രക്കാര്‍ എന്നിവരെ ഒരേസമയം വഹിക്കാനാകും. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ കഴിയുന്നതോടെ കൊച്ചിയിലെ ഗതാഗത കുരുക്ക് കുറയ്ക്കാന്‍ റോറോയ്ക്കാവുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *