KOYILANDY DIARY.COM

The Perfect News Portal

ഇന്ന് കൂത്തുപറമ്പ് രക്തസാക്ഷി ദിനം

.

കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണകൾക്ക് ഇന്ന് 32 വർഷം പൂർത്തിയാകുകയാണ്. ഭരണകൂട ഭീകരതയ്‌ക്കെതിരെ നട്ടെല്ല് നിവർത്തി പൊരുതിയ യുവാക്കൾ. വെടിയുണ്ടകളിൽ വിറച്ചു പിന്തിരിഞ്ഞോടാതെ കൂത്തുപറമ്പ് പട്ടണത്തിന്റെ തെരുവിൽ പൊരുതി നിന്ന ആ സമരവീര്യം. പോലീസിന്റെ തോക്കിൻക്കുഴലുകൾ നെഞ്ചകം പിളർന്ന് പോയപ്പോഴും ഇൻക്വിലാബ് വിളിച്ചവർ. കണ്ണൂരിന്റെ വിപ്ലവ ചൂരിന് മുന്നിൽ UDF ഭരണം ചൂളിപ്പോയ ദിനം. DYFI ക്കാർക്ക്, കേരളത്തിലെ പൊരുതുന്ന യുവതയ്ക്ക് നവംബർ 25 എന്നത് വെറും കലണ്ടറിലെ ഒരു ദിവസം മാത്രമല്ല. 

1994 ലെ നവംബർ അവസാനവാരത്തിൽ UDF ഭരണത്തിൽ അധികാര ഹുങ്കിൽ അഭിരമിച്ച പോലീസ് ഏമാന്മാർ നിറ തോക്ക് കാട്ടി വിരട്ടാൻ നോക്കിയപ്പോൾ പിന്തിരിഞ്ഞോടാതെ സമരയൗവനം കൊടുങ്കാറ്റായി ആഞ്ഞടിച്ചു. കൂത്തുപറമ്പ് അങ്ങാടിയിൽ ചോരചിന്തി പിറന്നത് അഞ്ച് രക്തനക്ഷത്രങ്ങൾ. സഖാക്കൾ റോഷൻ, ബാബു, ഷിബുലാൽ, രാജീവൻ, മധു. പിന്നെ കേരളത്തിലെ ലക്ഷോപലക്ഷം യുവാക്കൾക്ക് ആവേശമായി വെടിയുണ്ടകൾക്ക് പോലും തോൽപ്പിക്കാനാകാത്ത കരുത്തുമായി 29 വർഷം ജീവിച്ച സഹനസൂര്യൻ സഖാവ് പുതുക്കൂടി പുഷ്പനും. രക്തസാക്ഷികൾക്കൊപ്പം തന്റെ പേരും കൂട്ടിച്ചേർത്ത് 2024 സെപ്റ്റംബർ 20നാണ് പുഷ്പനും ആ വീരേതിഹാസ ചരിത്രത്തിലേക്ക് വിടവാങ്ങിയത് .

അധികാരത്തിലിരിക്കുന്ന UDFന്റെ സ്വാശ്രയ പ്രീണനത്തിനെതിരായ ശക്തമായ സമരം നയിക്കുന്ന കാലഘട്ടം കൂടിയായിരുന്നു അത്. ആ സമയത്താണ് കണ്ണൂരിലെ പരിയാരത്ത് ആരംഭിക്കുന്ന മെഡിക്കൽ കോളേജിന്റെ ഉടമസ്ഥാവകാശം സ്വകാര്യ ട്രസ്റ്റിന് നൽകാൻ അന്നത്തെ കരുണാകരൻ സർക്കാർ തീരുമാനിക്കുന്നത്. ഈ വിദ്യാഭ്യാസ കമ്പോളവത്കരണത്തിനെതിരെ സമാധാന പരമായ സമരം നയിക്കാൻ DYFI കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനിക്കുന്നു. അങ്ങനെയാണ് കൂത്തുപറമ്പ് അര്‍ബന്‍ ബാങ്ക് സായാഹ്ന ശാഖ ഉദ്ഘാടനത്തിനെത്തുന്ന അന്നത്തെ സഹകരണ മന്ത്രി എം വി രാഘവനും തൊഴിൽ വകുപ്പ് മന്ത്രി എൻ രാമകൃഷ്ണനു മെതിരെ കരിങ്കൊടി കാണിക്കാൻ തീരുമാനിക്കുന്നത്. ഇതറിഞ്ഞ് ധാരാളം ചെറുപ്പക്കാരും വിദ്യാർത്ഥികളും പ്രതിഷേധിക്കാൻ വേണ്ടി കൂത്തുപറമ്പ് അങ്ങാടിയിൽ ഒത്തുചേർന്നു.

പ്രതിഷേധത്തെ ഭയന്ന് എൻ രാമകൃഷ്ണൻ ഉൾപ്പെടെയുള്ള മന്ത്രിമാർ ആ പരിപാടിയിൽ നിന്ന് പിൻവാങ്ങി. പക്ഷേ, അവിടേക്ക് എത്തിയെ പറ്റൂ എന്ന് ധിക്കാരത്തോടെ എം വി രാഘവൻ അജ്ഞാപിച്ചു. പക്ഷെ പരിപാടി ഉദ്ഘാടനത്തിനെത്തിയ മന്ത്രിക്ക് യുവാക്കളെ കണ്ടപ്പോൾ ഹാലിളകി. കരിങ്കൊടി പ്രതിഷേധ സമരത്തിന് നേരെ യാതൊരു മുന്നറിയിപ്പുമില്ലാതെ പോലീസ് നിറയൊഴിച്ചു. സഖാക്കൾ രാജീവനും , ബാബുവും , മധുവും , ഷിബുലാലും , റോഷനും ഈ സമരഭൂമിയിൽ തന്നെ മരണം വരിച്ചു. അതേസമയം ഈ വെടിവയ്പ്പിൽ പുഷ്പന് നട്ടെല്ലിന് അതിഭീകരമായ പരിക്ക് പറ്റി.

വെറും നിശ്ചലമായ ശരീരം കൊണ്ട് നീണ്ട 29 വർഷക്കാലം വൈദ്യശാസ്ത്രത്തിനെപോലും അത്ഭുതപ്പെടുത്തി അദ്ദേഹം തലമുറകളെ പ്രചോദിപ്പിച്ചു. നവലിബറലിസത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയിലെ ആദ്യ രക്തസാക്ഷിപ്പിറവി കൂടിയായിരുന്നു ആ നവംബർ 25 ൽ നടന്നത്. അനീതിക്കെതിരെ ശബ്‌ദമുയർത്താനും അവകാശങ്ങൾക്കായി പോരാടാനും മനുഷ്യനെ പ്രചോദിപ്പിക്കുന്ന, അത്യുജ്ജലമായ പോരാട്ടത്തിൻ്റ അനശ്വര സ്‌മാരകമയി കൂത്തുപറമ്പ് മാറി.

സ്വാശ്രയ മാനേജ്മെന്റുകൾക്ക് തേനും പാലുമൊഴുക്കുന്ന അതേ UDF നേതൃത്വത്തിലുള്ള സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. സംഘപരിവാറുകർക്ക് കേറി നിരങ്ങി സകല കൊള്ളരുതായ്മകളും കാണിക്കാൻ ലൈസെൻസ് കൊടുക്കുകയും, അതേസമയം പൊതുസർവകലാശാലകളിലെ വിദ്യാർത്ഥികളുടെ അവകാശ പോരാട്ടങ്ങളെ അപരിഷകൃതമെന്ന് ചാപ്പ കുത്തുന്ന സങ്കി സ്റ്റൈൽ ഭരണമാണ് ഇന്ന് കേരളത്തിൽ നടക്കുന്നത്. എന്നാൽ റോജിക്കും വി ഡിക്കും മുന്നിൽ മുട്ട് മടക്കാതെ മാപ്പേഴുതാതെ പൊരുതി നിന്ന കാലടിയിലെ സമര വിദ്യാർത്ഥിത്വത്തിലും തിളങ്ങുന്നത് അവകാശ പോരാട്ടത്തിന്റെ പടനിലങ്ങളിൽ പൊരുതി വീണ ആ അനശ്വര രക്തസാക്ഷികൾ കൊളുത്തിവിട്ട തീ തന്നെയാണ്.

Share news