KOYILANDY DIARY.COM

The Perfect News Portal

മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശി താലപ്പൊലി മഹോത്സവം നവംബർ 20 മുതൽ ആരംഭിക്കും

.
ഉള്ളിയേരി: ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി താലപ്പൊലി മഹോത്സവത്തിന് ഇന്ന് തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മഹോത്സവത്തിന്റെ ഭാഗമായി വിവിധ ആചാരാനുഷ്ഠാനങ്ങളും കലാപരിപാടികളും അരങ്ങേറും. ഇന്ന് വൈകീട്ട് 4 മണിക്ക് കലവറ നിറയ്ക്കൽ ചടങ്ങും വൈകീട്ട് 6 മണി മുതൽ പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന കലാവിരുന്നും നടക്കും.
നാളെ പുലർച്ചെ ഗണപതിഹോമം, ഉദയം മുതൽ അസ്തമയം വരെ അഖണ്ഡനാമജപം എന്നിവ നടക്കും. ക്ഷേത്രം തന്ത്രി എളപ്പില ഇല്ലം ഡോ. ശ്രീകുമാരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകളും ഉണ്ടായിരിക്കും. സന്ധ്യയ്ക്ക് ദീപാരാധനയും ചുറ്റുവിളക്കും നടക്കും. രാത്രി 7 മണിക്ക് ‘കലിയുഗത്തിൽ ഭക്തിയുടെ പ്രാധാന്യം’ എന്ന വിഷയത്തിൽ കുമാരി നിവേദ്യ സുധീർ ആത്മീയ പ്രഭാഷണം നടത്തും. തുടർന്ന് കുട്ടികളുടെയും പ്രാദേശിക കലാകാരന്മാരുടെയും കലാപരിപാടികൾ അരങ്ങേറും.
മറ്റന്നാൾ പുലർച്ചെ ഗണപതിഹോമവും ഉദയം മുതൽ അസ്തമയം വരെ അഖണ്ഡനാമജപവും നടക്കും. ക്ഷേത്രം മേൽശാന്തി മായഞ്ചേരി ഇല്ലം നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ നടത്തും. ഉച്ചയ്ക്ക് പ്രസാദഊട്ടും ഉണ്ടായിരിക്കും. വൈകീട്ട് ദീപാരാധനയ്ക്കും ചുറ്റുവിളക്കിനും ശേഷം ചെണ്ടവാദ്യത്തിന്റെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ താലപ്പൊലിയും കർപ്പൂരാരാധനയും നടക്കും. രാത്രി 9 മണിക്ക് പത്തനാപുരം ഗാന്ധിഭവൻ തിയേറ്റർ ഇന്ത്യയുടെ ‘കൂട്’ എന്ന നാടകം അരങ്ങേറും.
Share news