അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി; എ ദാമോദരൻ മാളികപ്പുറം മേൽശാന്തി
.
പത്തനംതിട്ട: അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ ശബരിമല മേൽശാന്തിയായി തെരഞ്ഞെടുത്തു. കഴിഞ്ഞ 5 വർഷമായി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയായ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി തിരുവനന്തപുരം പുളിമൂട് സ്വദേശിയാണ്. മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരിയേയും തെരഞ്ഞെടുത്തു. കോഴിക്കോട് വടകര സ്വദേശിയാണ് എ. ദാമോദരൻ നമ്പൂതിരി. വരുന്ന വൃശ്ചികം 1 മുതൽ ഒരു വർഷക്കാലത്തേക്കാണ് പുതിയ മേൽശാന്തിമാരുടെ സേവന കാലാവധി.

ഏഴ് പേരുടെ അന്തിമ പട്ടികയിൽ നിന്ന് മൂന്നാമത്തെ നറുക്കെടുപ്പിലാണ് അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2020 മുതൽ തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. കോട്ടയം നെടുകുന്നം ഭഗവതി ക്ഷേത്രം, ദില്ലി ആർ.കെ. പുരം അയ്യപ്പ ക്ഷേത്രം, തൈക്കാട് ശാസ്താ ക്ഷേത്രം എന്നിവിടങ്ങളിലായി 21 വർഷം സേവനമനുഷ്ഠിച്ച പരിചയവും ഉണ്ട്.

അമ്പലപ്പുഴ പുതുമന ശ്രീധരൻ നമ്പൂതിരിയാണ് അദ്ദേഹത്തിന്റെ താന്ത്രിക ഗുരു. പഴവങ്ങാടി ക്ഷേത്രത്തിൽ ഭക്തർക്ക് പ്രസാദം നൽകുന്നതിനിടെയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട വിവരം അറിയുന്നത്. യാതൊരു വിധ സാമ്പത്തിക ഇച്ഛകളുമില്ലാതെ പൂർണ സത്യസന്ധതയോടെ അയ്യപ്പനെ സേവിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്ന് തെരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.




