എൻ ശിവശങ്കരപ്പിള്ള സ്മാരക അവാർഡ് ഡോ. കെ. ജാജിമോൾക്ക്
.
ഞാറയ്ക്കൽ ജനതാ ഗ്രന്ഥശാലാ സ്ഥാപകാംഗങ്ങളിൽ പ്രമുഖനും മരാമത്ത് കോൺട്രാക്ടറുമായിരുന്ന വൈക്കലഴികത്ത് മേലതിൽ എൻ. ശിവശങ്കരപ്പിള്ളയുടെ സ്മരണാർത്ഥം നീരാവിൽ നവോദയം ഗ്രന്ഥശാല നൽകി വരുന്ന പുതുസംരംഭകർക്കുള്ള അവാർഡിന് ഡോ. കെ. ജാജിമോൾ അർഹയായി. കൊല്ലം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ജാജീസ് ഇന്നവേഷന്റെ’ സ്ഥാപകയാണ് ജാജി.

10001 രൂപയും പ്രശസ്‌തിപത്രവും ഉപഹാരവും അടങ്ങുന്നതാണ് പുരസ്കാരം. ചെറിയ സ്റ്റിച്ചിംഗ് സെൻ്ററും ബ്യൂട്ടി ക്ലീനിക്കുമായി ആരംഭിച്ച ‘ജാജീസ്’ ബ്യൂട്ടി ബ്രൈഡൽ, ഫാഷൻ ഹെയർ, സ്കിൻ കെയർ പരിശീലനം, ഉല്‌പന്ന നിർമ്മാണം, ഫുഡ് കോർട്ട് എന്നിവയോടെ തിരുവനന്തപുരം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ശാഖകളുള്ള വിപുലമായ സംരംഭമാക്കി ഡോ. കെ. ജാജിമോൾ മാറ്റി. സൗന്ദര്യ സംരക്ഷണത്തെ വെറും അലങ്കാരത്തിനപ്പുറം അറിവും സാങ്കേതിക പരിശീലനവും പ്രൊഫഷണൽ മികവും ചേർന്ന ഒരു തൊഴിൽ സംരംഭമാക്കി വളർത്തിയെടുത്തതിലുള്ള മികവ് കണക്കിലെടുത്താണ് അവാർഡ്.

ഇറ്റലിയിൽ നടന്ന രാജ്യാന്തര ഹെയർ സ്റ്റൈലിംഗ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് കപ്പ് നേടിയ ജാജി, കൊളംബോ യൂണിവേഴ്‌സിറ്റിയിൽ കോസ്‌മറ്റോളജി വിഷയത്തിൽ ഗവേഷണ പ്രബന്ധം അവതരിപ്പിച്ച് ഡോക്‌ടറേറ്റും നേടി. നിരവധി സ്ത്രീകൾക്കും യുവാക്കൾക്കും വരുമാനം നേടാനാകും വിധം ഇവർ പരിശീലനം നൽകിവരുന്നുണ്ട്. കൊല്ലത്ത് സൗന്ദര്യ വെൽനസ് മേഖലയിലെ വിവിധ പ്രൊഫഷണൽ സേവനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ട് വരുന്ന ‘ഹൗസ് ഓഫ് ജാജീസ്’ തുറക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഡോ. കെ. ജാജിമോൾ.




