‘മിസ: ദ ലാസ്റ്റ് ബ്രീത്ത്’: സെപ്തംബർ മൂന്നിന് കോഴിക്കോട് അരങ്ങൊരുങ്ങുന്നു
.
കോഴിക്കോട്: ‘മിസ: ദ ലാസ്റ്റ് ബ്രീത്ത്’ നാടകത്തിന് കോഴിക്കോട് അരങ്ങൊരുങ്ങുന്നു. പി. കൃഷ്ണപിള്ള പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സെപ്തംബർ മൂന്നിന് വൈകിട്ട് അഞ്ചിന് നളന്ദ ഓഡിറ്റോറിയത്തിലാണ് അവതരണം. അടിയന്തരാവസ്ഥയിൽ ഭരണകൂട ഭീകരതയിൽ കൊല്ലപ്പെട്ട നാടക -സാമൂഹ്യപ്രവർത്തക സ്നേഹലത റെഡിയുടെ പീഡാനുഭവങ്ങളുടെ രംഗാവിഷ്കാരമാണ് നാടകം.

അടിയന്തരാവസ്ഥക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ 1976 മെയ് രണ്ടിനാണ് സ്നേഹലതയെ മിസ കരിനിയമപ്രകാരം അറസ്റ്റ് ചെയ്തത്. ബംഗളൂരു സെൻട്രൽ ജയിലിൽ കൊടും പീഡനത്തിനിരയായി ആരോഗ്യം തകർന്ന അവരെ 1977 ജനുവരി 15-ന് പരോളിൽ വിട്ടെങ്കിലും അഞ്ചാംദിവസം മരിച്ചു. സ്നേഹലത റെഡി എഴുതിയ ഡയറിക്കുറിപ്പുകളിലൂടെ സഞ്ചരിക്കുകയാണ് നാടകം.

ശ്വാസംമുട്ടുന്ന ഒരു രാജ്യത്തിന്റെ രാഷ്ട്രീയ ആത്മകഥയാണ് ‘മിസ: ദ ലാസ്റ്റ് ബ്രീത്ത്. അടിയന്തരാവസ്ഥ ശരിക്കും അവസാനിച്ചോ എന്ന ചോദ്യമുയർത്തിയാണ് നാടകത്തിന് തിരശ്ശീല വീഴുന്നത്. പുതിയ കാലത്ത് ഫാസിസത്തിൻ്റെ അടയാളമായി കടന്നെത്തുന്ന ബുൾഡോസറുകൾ വീടുകളും സ്വപ്നങ്ങളും തകർക്കുകയാണ്. ഇതിനെതിരെ പ്രതിരോധം തീർക്കുമ്പോൾ ഒരു മനുഷ്യന്റെ ശ്വാസം നിലയ്ക്കുന്നിടത്തുനിന്ന് മറ്റൊരു മനുഷ്യശബ്ദം ഉയരുമെന്ന് നാടകം പ്രഖ്യാപിക്കുന്നു.

കോഴിക്കോട് ചിലങ്ക ഫ്ലോട്ടിങ് തീയേറ്ററാണ് അവതരണം. ബിച്ചൂസ് ചിലങ്കയാണ് രചനയും സംവിധാനവും. സ്നേഹലത റെഡിയായി ചീന്നൂസ് ചിലങ്ക അരങ്ങിലെത്തുന്നു. ബിച്ചൂസ് ചിലങ്ക, ആദർശ് അപ്പൂസ്, ജയകാന്തി കോഴിക്കോട് എന്നിങ്ങനെ നാലുപേർ നാൽപ്പതോളം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നാടകത്തിന് 90 മിനിറ്റാണ് ദൈർഘ്യം.



