മഴയിൽ മുങ്ങി കേരളം: പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും
.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുകയാണ്. എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഒറ്റപ്പെടയിങ്ങളിൽ ശക്തമായ മഴയും ലഭിക്കും. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വിശാനും സാധ്യത. കല്ലാർകുട്ടി, ഇടയാർ, ലോവർ പെരിയാർ, പെരിങ്ങൽകുത്ത്, തുടങ്ങിയ ഡാമുകളിൽ റെഡ് അലർട്ട് തുടരുന്നു.

മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. മഴക്കെടുതിയിൽ സംസ്ഥാനത്താകെ 273 ക്യാമ്പുകളിലായുള്ളത് 7,674 പേരാണ്. മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 11 ആയി. 30 വീടുകൾ പൂർണമായും 293 വീടുകൾ ഭാഗികമായും തകർന്നു.

പാലക്കാട് മഴ തുടരുന്നു. നാശ നഷ്ടങ്ങളൊന്നും ഇത് വരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. പക്ഷെ ഉയർന്ന പ്രദേശങ്ങളായ നെല്ലിയാമ്പതി, പറമ്പിക്കുളം, അട്ടപ്പാടി മേഖലകൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. കഴിഞ്ഞ ദിവസം ഒറ്റപ്പാലം മേഖലയിലുണ്ടായ മഴയിൽ ഭാരതപുഴ കവിഞ്ഞൊഴുകുകയാണ്. സമീപ പ്രദേശത്തുള്ളവർക്ക് ജാഗ്രത സന്ദേശം നൽകിയിട്ടുണ്ട്. മൂവാറ്റുപുഴയാറിൽ ജലനിരപ്പ് വീണ്ടും ഉയർന്നു.

മൂവാറ്റുപുഴ നഗരത്തിലെ ഇലാഹിയ നഗർ, കൊച്ചങ്ങാടി എന്നിവിടങ്ങളിലാണ് രാവിലെ അഞ്ചു മണിയോടെ വെള്ളം കയറിയത്. ഇലാഹിയ നഗറിലെ പതിനഞ്ചോളം വീടുകളിൽ വെള്ളം കയറി. വീട്ടുകാരെ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി. കോഴിക്കോട് വെള്ളിപറമ്പിൽ വീട് ഭാഗികമായി തകർന്നു. ഓട്ടോ ഡ്രൈവർ ആയ കുയൽക്കാട് നൗഷാദിൻ്റെ വീട് ആണ് തകർന്നത്. പുലർച്ചെ 3 മണിക്കാണ് സംഭവം. ആർക്കും പരുക്കില്ല. നൗഷാദിന്റെ ഭാര്യയും മക്കളെയും സമീപത്തെ ബന്ധു വീട്ടിലേക്ക് മാറ്റി.
കോട്ടയത്ത് മഴ ശക്തമാണ്. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുകയാണ്. ഈരാറ്റുപേട്ട പാലാ റൂട്ടിൽ വീണ്ടും വെള്ളം കയറി. കോട്ടയം കുമരകം പാതയിലും ഗതാഗതം നിലച്ചു. പുതുപള്ളി മീനടം റൂട്ടിൽ ഞണ്ടുകുളം പാലം വെള്ളത്തിൽ ആണ്. കൈതേപാലം – വാകത്താനം പന്നിക്കോട്ട് പാലത്തിലും വെള്ളം കയറി.



