നാദാപുരം ഗവ. ആശുപത്രിയിൽ ഗുളിക മാറി നൽകി; രോഗി അബോധാവസ്ഥയിലായി
.
നാദാപുരം: നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഗുളിക മാറി നൽകി രോഗി ഗുരുതരാവസ്ഥയിൽ. അബോധാവസ്ഥയിലായ രോഗി മുടവന്തേരി സ്വദേശി പാലൊള്ളത്തിൽ ചന്ദ്രനെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചന്ദ്രൻ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറുടെ നിർദേശപ്രകാരം നാദാപുരം താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റായത്. നൽകേണ്ട ചികിത്സ മെഡിക്കൽ കോളേജിൽനിന്ന് നിർദേശിച്ചിരുന്നു.

തിങ്കളാഴ്‌ച ഡ്യൂട്ടി ഡോക്ടർ ചന്ദ്രന് ഉറക്കഗുളിക എഴുതി നൽകി. തുടർന്ന് ചന്ദ്രൻ അബോധാവസ്ഥയിലായി. മക്കൾ ഡോക്ടർമാരുമായി സംസാരിച്ചെങ്കിലും മറുപടി നൽകിയില്ല. ചന്ദ്രൻ നാദാപുരം താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ടിന് പരാതി നൽകി. ഇതേ വാർഡിൽ ചന്ദ്രൻ എന്ന മറ്റൊരു രോഗി ഉണ്ടായിരുന്നു. ഇയാൾക്ക് നൽകേണ്ട ഗുളിക മാറി നൽകി എന്നാണ് പരാതി. ഡ്യൂട്ടി ഡോക്ടർ ആശുപത്രി രേഖ തിരുത്തിയതായും പരാതിയിൽ പറയുന്നു.




