KOYILANDY DIARY.COM

The Perfect News Portal

വായിച്ചു വളരാം; ഇന്ന് ലോക വായനാദിനം

.

‘വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വലയും’. കുഞ്ഞുണ്ണി മാഷിന്റെ ഈ വരികൾ ഓർക്കാതെ വായന ദിനം എങ്ങനെ കടന്ന് പോകും. ഈ വരികൾക്ക് പ്രസക്തിയേറുന്ന കാലഘട്ടത്തിലൂടെ നാം കടന്ന് പോകുന്നത്. വായനയ്ക്കൊപ്പം തന്നെ വാക്കും ഭാഷയും മരിക്കുന്ന കാലം. കുഞ്ഞുണ്ണി മാഷും, ബഷീറും, തകഴിയുമെല്ലാം ഓർമ്മിക്കപ്പെടുന്നത് വിരളമാവുന്നു.

 

കേട്ടോ കണ്ടോ കാര്യങ്ങൾ അറിയാൻ ഇഷ്ടപ്പെടുന്ന സമൂഹമായി നമ്മൾ ചുരുങ്ങി. ചുരുങ്ങിയെന്ന് പറഞ്ഞാൽ ഒരു ഫോൺ സ്‌ക്രീനിനുള്ളിലേക്ക് കയറാൻ പാകത്തിന്, നമ്മൾ മാത്രമല്ല നമ്മുടെ വായനയും ചുരുങ്ങി. ഇക്കാലത്തല്ലേ പുതുവായിൽ നാരായണ പണിക്കർ എന്ന പി എൻ പണിക്കരെകുറിച്ചും വായന ദിനത്തെക്കുറിച്ചും പറഞ്ഞു വയ്ക്കേണ്ടത്. വിഖ്യാത സാഹിത്യകാരൻ പി എൻ പണിക്കരുടെ ജന്മദിനമാണ് നാം വായനാദിനമായി ആചരിക്കുന്നത്. മലയാളിയോട് വായിക്കാൻ ആഹ്വാനം ചെയ്തത് പിഎൻ ആണ്.

Advertisements

 

മലയാള സാഹിത്യത്തിന് അടിത്തറ പാകിയത് പി എൻ പണിക്കരുടെ ഗ്രന്ഥശാലാ പ്രസ്ഥാനം ആണ്. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിൽ ഉണ്ടാവരുതെന്ന് പി എൻ ആഗ്രഹിച്ചു. അതിനായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. കേരളത്തിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച അദ്ദേഹം വായനയുടെ സന്ദേശം പ്രചരിപ്പിച്ചു. ഗ്രന്ഥശാലയുടെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തിയ ഗ്രാമീണ സര്‍വ്വകലാശാലകള്‍ എന്നു വിശേഷിപ്പിക്കാവുന്ന 400ല്‍ അധികം ഗ്രന്ഥാലയങ്ങള്‍ നാടൊട്ടുക്ക് സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തു.

 

കേരള പബ്ലിക് ലൈബ്രറി ആക്ട് നിലവില്‍ വന്നതും പിഎന്‍ പണിക്കരുടെ പ്രവര്‍ത്തന ഫലമായാണ്. മുപ്പത്തിരണ്ട് വര്‍ഷക്കാലം ഗ്രന്ഥശാല സംഘത്തിന്റേയും സ്റ്റേറ്റ് റിഡേഴ്‌സ് സെന്ററിന്റെ ഓണറി എക്‌സിക്യൂട്ടൂവ് ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. എണ്ണിയാൽ ഒടുങ്ങുന്നതല്ല പിഎൻ പണിക്കരുടെ പ്രവർത്തനങ്ങൾ. എന്നാൽ പുസ്തകങ്ങളെക്കുറിച്ചോ വായനയെക്കുറിച്ചോ പിൻ പറഞ്ഞ, പഠിപ്പിച്ച കാലഘട്ടമല്ലയിത്.

 

പുസ്തകങ്ങളില്‍ നിന്നും കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്കും മൊബൈല്‍ ഫോണുകളിലേക്കും വായനയുടെ ഘടന വ്യത്യാസപ്പെട്ടു. കൂട്ടുകാരന്റെ കയ്യിൽ നിന്ന് കടം വാങ്ങിയ കുത്തു വിട്ട പുസ്തകം ആർത്തിയോടെ വായിച്ചു തീർത്ത കാലമല്ലിത്. അവിടെ നിന്ന് ഏറെ ദൂരം സഞ്ചരിച്ചു തുറന്നതെങ്കിലും ഏറെ ഇടുങ്ങിയ ഡിജിറ്റൽ വായനയിലേക്ക് നമ്മളും അകപ്പെട്ട് കഴിഞ്ഞു. വായനയുടെയും ശൈലിയും രുചിയും മാറി. വായനയിൽ അല്പം പിറകിലാണെന്ന വിലയിരുത്തൽ ഉണ്ടെങ്കിലും പുസ്തകങ്ങളെ ഡിജിറ്റൽ രൂപത്തിൽ സ്വീകരിച്ചു തുടങ്ങിയെന്നത് ഭാവിയിലെ വായനയ്ക്ക് പ്രതീക്ഷ പകരുന്നുണ്ട്.

 

പുസ്തകങ്ങളിലൂടെയുള്ള അറിവുകൾക്ക് ചില പരിമിതികളുണ്ട്. എന്നാല്‍ ഓൺലൈനിൽ പരിമിതികൾ കുറവാണ്. എങ്കിലും പുസ്തകങ്ങളുടെ മണവും സ്പർശനവുമുള്ള വായന ഒരിക്കലും ഇതിൽ നിന്നും നമ്മുക്ക് ലഭിക്കില്ല. വായിക്കുക. ചിന്തിക്കാനും ചിന്തിപ്പിക്കാനുമായി വായിക്കുക. വായനകൊണ്ട് ഒരു ലോകം തന്നെ മാറ്റിമറിക്കാം. വായിച്ചു വായിച്ചു വളരാം

Share news
error: Content is protected !!