ഇറാൻ-അമേരിക്ക സംഘർഷം ശക്തമാകുന്നു; നാവിക യുദ്ധത്തിലും കരയുദ്ധത്തിലും ഇറാന് കനത്ത തിരിച്ചടി
.
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്. ഇറാന് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം ആയിരം കടന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ ഇറാന് വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. 87 മൃതദേഹങ്ങൾ കണ്ടെടുത്തു. ശ്രീലങ്കൻ തീരത്ത് വെച്ച് ഇറാന്റെ പ്രധാന യുദ്ധക്കപ്പൽ അമേരിക്കൻ നാവികസേന തകർത്തു. കപ്പലിലുണ്ടായിരുന്ന 180 പേരിൽ 87 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും, 32 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഒരു ആണവ അന്തർവാഹിനിയിൽ നിന്ന് ടോർപ്പിഡോ ഉപയോഗിച്ച് ശത്രു കപ്പൽ അമേരിക്ക മുക്കുന്നത്. ഇറാന്റെ ഏകദേശം 20 യുദ്ധക്കപ്പലുകൾ ഇതിനകം തകർത്തതായി അമേരിക്ക അവകാശപ്പെടുന്നുണ്ട്. ഇറാന്റെ ആഭ്യന്തര സുരക്ഷാ കേന്ദ്രങ്ങളിലും ആയുധ സംഭരണശാലകളിലും അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങളിൽ മരണസംഖ്യ 1100 കവിഞ്ഞു. അയ്യായിരത്തിലേറെ പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക കണക്കുകൾ. ഇറാന്റെ മിസൈൽ, ഡ്രോൺ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും തകർക്കുന്നതിലാണ് സഖ്യകക്ഷികൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ 38 മണിക്കൂറുകളായി തുടരുന്ന അതിശക്തമായ ആക്രമണങ്ങളെത്തുടർന്ന്, ഗൾഫ് മേഖലയിലേയ്ക്കുള്ള ഇറാന്റെ ആക്രമണങ്ങളിൽ 70 ശതമാനം കുറവുണ്ടായതായി അമേരിക്കയും ഇസ്രായേലും വിലയിരുത്തുന്നു. ലെബനനിൽ ഇസ്രായേൽ കരയുദ്ധം ആരംഭിച്ചിരിക്കുകയാണ്. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ തകർക്കുന്നതിലൂടെ ഇസ്രായേലിന് നേരെയുള്ള ആക്രമണങ്ങളുടെ തീവ്രത കുറയ്ക്കാൻ കഴിഞ്ഞതായി സൈന്യം അവകാശപ്പെടുന്നുണ്ട്.

അതിനിടെ, സൗദി അറേബ്യക്ക് നേരെയുണ്ടായ മിസൈൽ ആക്രമണങ്ങളെ അവർ വിജയകരമായി പ്രതിരോധിച്ചു. നാറ്റോ അംഗമായ തുർക്കിക്ക് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണവും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തു. അമേരിക്കയിൽ പ്രസിഡണ്ട് ട്രംപിന്റെ യുദ്ധാധികാരങ്ങൾ പരിമിതപ്പെടുത്താനുള്ള ഡെമോക്രാറ്റുകളുടെ ശ്രമം സെനറ്റിൽ പരാജയപ്പെട്ടു. സെനറ്റിലെ 53 അംഗങ്ങൾ ട്രംപിനെ പിന്തുണച്ച് വോട്ട് ചെയ്തത് അദ്ദേഹത്തിന് വലിയ രാഷ്ട്രീയ വിജയമായി. നിലവിൽ സമാധാന ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും ആക്രമണങ്ങൾ തുടരുമെന്നുമാണ് ട്രംപിന്റെയും ഇറാന്റെയും നിലപാടുകൾ. യുദ്ധം എത്രനാൾ നീണ്ടുനിൽക്കുമെന്ന കാര്യത്തിൽ വലിയ തോതിലുള്ള ആശങ്ക നിലനിൽക്കുകയാണ്.



