രാജ്യം ഭരിക്കുന്ന വർഗീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിധി തന്നെ മാറ്റി എഴുതി ധ്രുവ്, മോദിയുടെ മുഖംമൂടി വലിച്ചു കീറിയതിന് നന്ദി

ഉത്തരേന്ത്യൻ ഗ്രാമങ്ങളെ കാലങ്ങളായി നുണകൾ കൊണ്ട് തീർത്ത കൊട്ടാരം കാണിച്ചു മോഹിപ്പിച്ച മോദിക്കും ബിജെപിക്കും ഒരു യൂട്യൂബർ നൽകിയ മറുപടിയാണ് അയോധ്യയുടെ മണ്ണിലടക്കം നേരിട്ട കനത്ത തിരിച്ചടി. ബിജെപി മുന്നോട്ട് വെക്കുന്ന അജണ്ടകളുടെ സത്യാവസ്ഥ എന്താണെന്ന് സാധാരണക്കാരായ മനുഷ്യരോട് വിളിച്ചു പറയുന്നത് ധ്രുവ് റാതീ എന്ന ചെറുപ്പക്കാരനാണ്. വർണ്ണക്കടലാസിൽ പൊതിഞ്ഞു ബിജെപി സർക്കാർ നൽകിയ സമ്മാനങ്ങളിൽ മുഴുവൻ ഒരു ജനതയെ കൊത്തിവലിക്കാൻ മാത്രം വിഷം നിറഞ്ഞ വർഗീയയുടെ കച്ചവട തന്ത്രത്തിന്റെ പാമ്പുകളാണ് എന്ന് ധ്രുവ് നിരന്തരമായി തൻ്റെ യൂട്യൂബ് ചാനലിലൂടെ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു.
കഴിഞ്ഞ കാലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഏറ്റവുമധികം സംസാരിച്ചത് ധ്രുവ് ആണെന്ന് നിസ്സംശയം പറയാം. തെരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുമുമ്പായി, തനിക്ക് പറയാനുള്ളത് അവസാന ശ്വാസം വരെ സധൈര്യം പറയുമെന്നാണ് ഇയാൾ ആവർത്തിച്ചത്. ഒരർത്ഥത്തിൽ ഒറ്റയ്ക്കൊരു പ്രതിപക്ഷമായി മാറുകയാരുന്നു ധ്രുവ് എന്ന് തന്നെ പറയാം. കുട്ടികൾ പോലും ധ്രുവ് പറയുന്ന രാഷ്ട്രീയം കേൾക്കാൻ തുടങ്ങിയെന്നത് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ബിജെപിയുടെ അടിവേര് തന്നെ പിഴുതെറിയും എന്നതിൽ സംശയിക്കേണ്ടതില്ല. കുട്ടികൾ ഏറ്റവുമധികം സമൂഹ മാധ്യമങ്ങളുമായി അടുത്തിടപഴകി ജീവിക്കുന്നത് കൊണ്ട് തന്നെ ഡിജിറ്റലായി രാഷ്ട്രീയവും അവരുടെ രക്തത്തിൽ അലിഞ്ഞു ചേരും.

.

.

20 ദശലക്ഷം സ്ഥിരം പ്രേക്ഷകരുള്ള റാഠിയുടെ വിഡിയോകളാണ് ഇന്ന് ഇന്ത്യയിൽ മോദിക്കെതിരെയുള്ള ഏറ്റവും വിലപിടിപ്പുള്ള തെളിവുകൾ. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ മുഖ്യധാര മാധ്യമളും മോദിയുടെ വിഴുപ്പലക്കിക്കൊണ്ടിരുന്നപ്പോൾ ന്യൂസ് ക്ലിക് പോലെയുള്ള ചില വിരലിൽ എണ്ണാവുന്ന മാധ്യമങ്ങൾ മാത്രമാണ് സത്യം വിളിച്ചു പറയാൻ ധൈര്യം കാണിച്ചത്. ബിജെപിയുടെ അഴിമതി, അധികാര ദുർവിനിയോഗം, ജനാധിപത്യ അട്ടിമറി, വർഗീയ തന്ത്രങ്ങൾ തുടങ്ങി ജനദ്രോഹകരമായ എന്തിനേയും ആർക്കും മനസിലാക്കാൻ കഴിയുന്ന തരത്തിലാണ് ധ്രുവ് തന്റെ വിഡിയോകളിലൂടെ അവതരിപ്പിച്ചത്.
.
.
എതിരാളികളെ അമർച്ച ചെയ്യാൻ സർക്കാർ സംവിധാനങ്ങളെ കേന്ദ്ര സർക്കാർ എങ്ങിനെയാണ് ദുരുപയോഗം ചെയ്യുന്നതെന്ന് ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപുള്ള വിഡിയോയിൽ ധ്രുവ് വ്യക്തമാക്കിയിരുന്നു. 5 ദശലക്ഷത്തിലധികം പേരാണ് ആ വീഡിയോ കണ്ടത്. മോദി വിരുദ്ധതയായി ഈ വീഡിയോ അലയടിച്ചത് ഉത്തരേന്ത്യയിലെ സാധാരണക്കാരിലാണ്. അത് യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ ബിജെപിയുടെ വോട്ട് വിഹിതത്തെ നന്നായി കുറച്ചു. അയോധ്യ രാമക്ഷേത്രം ഉൾപ്പെടുന്ന ഫൈസാബാദിൽ ബിജെപി പരാജയപ്പെടുകയും അഖിലേഷ് യാദവിന്റെ എസ്പി പാർട്ടി അധികാരം പിടിക്കുകയും ചെയ്തു. എന്തുകൊണ്ട് ബാബരി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം നിർമിച്ചിട്ടും അയോധ്യ മോദിയെ തുണച്ചില്ല എന്നതിന് ജനതയ്ക്ക് തിരിച്ചറിവുണ്ടായി എന്ന് വേണം വിലയിരുത്താൻ. അതിന് ധ്രുവിന്റെ വിഡിയോകളും കാരണമായിട്ടുണ്ട്.
.
സത്യങ്ങളും വസ്തുതകളുമാണ് ധ്രുവിന്റെ വീഡിയോകളുടെ പ്രത്യേകത. അത് ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റമുണ്ടാക്കിയതിൽ അത്ഭുതമില്ല. ഇന്ത്യയിൽ ഇന്നും മോദിയെ പോലെയുള്ള വർഗീയവാദികൾ പ്രധാനമന്ത്രി പദം അലങ്കരിക്കുന്നുണ്ടെങ്കിൽ ജനങ്ങളിലേക്ക് ഇവരുടെ യഥാർത്ഥ മുഖം എത്തിയിട്ടില്ല എന്ന് വേണം മനസിലാക്കാൻ. ദേശീയ രാഷ്ട്രീയത്തിൽ അത്തരത്തിൽ താഴെക്കിടയിലുള്ള മനുഷ്യരിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ കഴിയുന്ന നേതാക്കൾ വിരളമാണ്. അവിടെയാണ് ഉത്തരാധുനിക ഇന്ത്യയിൽ ധ്രുവിനെ പോലെയുള്ള മനുഷ്യരുടെ പ്രാധാന്യം ഏറുന്നത്.
