KOYILANDY DIARY.COM

The Perfect News Portal

കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വച്ച് മൂന്ന് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു

ചണ്ഡിഗഢ്‌: ഹരിയാനയില്‍ കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വച്ച് മൂന്ന് സ്ത്രീകളെ അജ്ഞാതര്‍ കൂട്ടബലാത്സംഗം ചെയ്തു. പാനിപ്പത്തില്‍ ബുധനാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം. കത്തികള്‍ അടക്കം മൂര്‍ച്ചയേറിയ ആയുധങ്ങളുമായാണ് സംഘം എത്തിയത്. സായുധരായ നാലംഗ സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് പറയുന്നു. 24, 25, 35 വയസ്സുള്ള സ്ത്രീകളാണ് ആക്രമണത്തിന് ഇരയായത്. വീട്ടില്‍ അതിക്രമിച്ച് കയറിയ നാലംഗ സംഘം ആയുധങ്ങള്‍ കാണിച്ച് ഭയപ്പെടുത്തിയ ശേഷം കുടുംബാംഗങ്ങളെ കെട്ടിയിട്ടു. തുടര്‍ന്ന് മൂന്ന് സ്ത്രീകളെ പീഡിപ്പിച്ചു എന്നതാണ് കേസ്.

കുടുംബാംഗങ്ങള്‍ നോക്കിനില്‍ക്കേയായിരുന്നു ലൈംഗികാതിക്രമം. പ്രതികള്‍ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചതായും പൊലീസ് പറയുന്നു. ക്രൂരത നടത്തിയ സംഘം ഗ്രാമത്തില്‍ നിന്നും പുറത്ത് പോകുന്നതിനിടെ മറ്റൊരു കുടുംബത്തെയും ആക്രമിച്ചതായും വിവരങ്ങളുണ്ട്. ഒരു വ്യക്തിയില്‍ നിന്നും 5000 രൂപ മോഷ്ടിച്ചതായും ഇദ്ദേഹത്തിൻറെ ഭാര്യയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു മാസം മുമ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടി ചിലര്‍ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ ആളുകളാവാം അക്രമത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് സംഘവും സ്ഥലം സന്ദര്‍ശിച്ച് തെളിവ് ശേഖരിച്ചു.
 

Advertisements

 

Share news