KOYILANDY DIARY.COM

The Perfect News Portal

റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാർ: ശിക്ഷ ഈ മാസം 16 ന്

തിരുവനന്തപുരത്തെ റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാരെന്ന് വിധി. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കേസിലെ ഒമ്പതു പ്രതികളെ വെറുതെ വിട്ടു. ശിക്ഷ ഈ മാസം 16 ന് വിധിക്കും.

കേസിലെ ഒന്നാം പ്രതിയും ഖത്തറിലെ വ്യവസായിയുമായ ഓച്ചിറ സ്വദേശി അബ്ദുള്‍ സത്താറിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അബ്ദുള്‍ സത്താര്‍ നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് പ്രതികള്‍ കൊല നടത്തിയത്. സത്താറിന്റെ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി, മുന്‍പ് വിദേശത്ത് ജോലിനോക്കിയിരുന്ന രാജേഷിനുണ്ടായിരുന്ന സൗഹൃദം സത്താറിന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനു പ്രതികാരമായി സത്താര്‍ നല്‍കിയ ക്വട്ടേഷനായിരുന്നു രാജേഷിന്റെ കൊലപാതകം.

കിളിമാനൂര്‍ മടവൂരിലെ സ്വന്തം റെക്കോഡിങ് സ്റ്റുഡിയോക്കുള്ളില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു കൊലപാതകം നടന്നത്. മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം സ്റ്റുഡിയോയില്‍ കയറി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടനും വെട്ടേറ്റിരുന്നു.

Advertisements
Share news
error: Content is protected !!