KOYILANDY DIARY

The Perfect News Portal

മുത്താമ്പി റോഡിലെ അണ്ടർപ്പാസ് നിർമ്മാണം: താൽക്കാലിക റോഡ് ചളിക്കുളമായി. യാത്രക്കാർ ദുരിതത്തിൽ

കൊയിലാണ്ടി: മുത്താമ്പി റോഡിലെ അണ്ടർപ്പാസ് നിർമ്മാണം താൽക്കാലിക റോഡ് ചളിക്കുളമായി യാത്രക്കാർ ദുരിതത്തിൽ. ബൈപ്പാസ് നിർമ്മാണത്തിൻ്റെ ഭാഗമായാണ് കൊയിലാണ്ടി അരിക്കുളം റോഡിൽ മണമൽ ഭാഗത്ത് അണ്ടർപ്പാസ് നിർമ്മിക്കുന്ന പ്രവർത്തി ആരംഭിച്ചത്. ഇതിൻ്റെ ഭാഗമായി നിലവിലുള്ള റോഡ് ആഴത്തിൽ കുഴിയെടുക്കുന്നതിന് വേണ്ടി സമീപത്ത് താൽക്കാലിക റോഡ് നിർമ്മിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇത് വഴിയാണ് വാഹനങ്ങളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്നത്.

ഇന്നലെ താൽക്കാലിക റോഡിൽ പൈപ്പിടുന്നതിന് വേണ്ടി തൊഴിലാളികൾ റോഡ് ആഴത്തിൽ കീറിയിരുന്നു. എന്നാൽ പൈപ്പിട്ട് പണി പൂർത്തിയാക്കിയതിന്ശേഷം പൂർവ്വസ്ഥിതിയിലാക്കാനോ ഉറപ്പിച്ച് നിർത്താനോ തൊഴാലളികൾ തയ്യാറിയിരുന്നില്ല. ഇതാണ് റോഡ് ഇത്ര മോശമാകാൻ കാരണം. ആദാനി ഗ്രൂപ്പിന് കീഴിലുള്ള തൊഴിലാളികളാണ് ഇവിടെ പ്രവൃത്തി നടത്തുന്നത്.

മഴ ശക്തിയായി തുടരുന്നതിനിടെയാണ് ഇപ്പോൾ റോഡ് തകർന്ന് ചെളിക്കുളമായി കാൽനട യാത്രപോലും ദുഷ്ക്കരമാകുന്ന നിലയിലേക്ക് എത്തിയത്. വലിയ വാഹനങ്ങൾ പോകുമ്പോൾ റോഡിലെ ചളി ടയറുകളിൽ പറ്റിക്കിടന്ന് കിലോമീറ്ററുകളോളം ടാർ റോഡിൽ ചളി നിറഞ്ഞിരിക്കുകയാണ്.

Advertisements

കൂടാതെ ശക്തമായ വെയിൽ ഉണ്ടായാൽ പ്രദേശത്താകെ പൊടിപടരുന്നതും വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും ജനത്തിന് ദുരിതമായിരിക്കുകയാണ്. ഇന്ന് കാലത്ത് റോഡിൽ നാട്ടുകാർ പ്രതിഷേധിക്കുകയും തൊഴിലളികളുമായി വാക്കുതർക്കം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. താൽക്കാലിക റോഡ് അടിയന്തരമായി ടാർ ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.