KOYILANDY DIARY

The Perfect News Portal

കോവിഡ് സമയത്ത് നിർത്തലാക്കിയ ട്രെയിനുകൾ പുനരാരംഭിക്കണം

കൊയിലാണ്ടി: കോവിഡ് രോഗ വ്യാപനത്തോടെ കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തലാക്കിയ ട്രെയിനുകൾക്ക് ഉടൻ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിലിൽ പ്രമേയം. എറണാകുളം-നിസാമുദ്ദീന്‍ മംഗള സുപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (നമ്പര്‍ 12617) വൈകീട്ട് 5.30 ന് കൊയിലാണ്ടിയില്‍ നിര്‍ത്തുന്നുണ്ടെങ്കിലും തിരിച്ചു 12618 നമ്പറായി നിസാമുദ്ദീനില്‍ നിന്നും എറണാകുളം വരെ പോകുന്ന മംഗള എക്‌സ്പ്രസ് കൊയിലാണ്ടിയില്‍ നിര്‍ത്തുന്നില്ല.

അതേപോലെ തിരുവന്തപുരത്തു നിന്നും മംഗലാപുരം വരെ പോകുന്ന 16604 നമ്പര്‍ മാവേലി എക്‌സ് പ്രസ്സിനും ഇപ്പോള്‍ കൊയിലാണ്ടിയില്‍ സ്‌റ്റോപ്പില്ല. ഇതു കൂടാതെ പ്രതിവാര വണ്ടികളായ തിരുവനന്തപുരം-വെരാവര്‍ എക്‌സ്പ്രസ് (നമ്പര്‍ 16334), നാഗര്‍ കോവില്‍ – ഗാന്ധിദാം എക്‌സ് പ്രസ് (നമ്പര്‍ 16336), കൊച്ചുവേളി-ശ്രീഗംഗാനഗര്‍ എക്‌സ്പ്രസ്സ് (16312) എന്നിവയുടെ ഒരു വശത്തേക്കുളള സ്റ്റോപ്പും എടുത്തു മാറ്റിയിട്ടുണ്ട്. ഇതിൽ ജനങ്ങൾക്ക് കടുത്ത പ്രതിഷേധമുണ്ട്. ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാൻ അടിയന്തിരമായ നടപടി വേണമെന്ന് പ്രമയത്തിൽ ആവശ്യം ഉയർന്നു.

 മംഗലാപുരം-കോയമ്പത്തൂര്‍ ഇന്‍ര്‍സിറ്റി എക്‌സ്പ്രസ്സും, കണ്ണൂര്‍-എറണാകുളം ഇന്‍ര്‍സിറ്റി എക്‌സ്പ്രസ്സും കൊയിലാണ്ടിയില്‍ നിര്‍ത്തണമെന്നത് ദീര്‍ഘകാലത്തെ കൊയിലാണ്ടിക്കാരുടെ ആവശ്യമാണ്. ഈ വിഷയങ്ങളിൽ സത്വര നടപടി ആവശ്യപ്പെട്ടുകൊണ്ട് റെയിൽവെ മന്ത്രാലയത്തോട് അഭ്യർത്ഥിക്കുന്ന പ്രമേയവും കൊയിലാണ്ടി നഗരസഭാ കൗൺസിൽ പാസാക്കി.

Advertisements

നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഇ.കെ.അജിത്ത് അവതരിപ്പിച്ച പ്രമേയത്തെ കൗൺസിലർ കേളോത്ത് വത്സരാജ് പിന്താങ്ങി. കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ. സത്യൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. ഷിജു, കൗൺസിലർമാരായ വി.പി. ഇബ്രാഹിം കുട്ടി, പി. രത്നവല്ലി, കെ.കെ. വൈശാഖ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *