KOYILANDY DIARY

The Perfect News Portal

പെട്രോമാക്സുകൾ മരത്തടികളിൽ പുനർജനിക്കുന്നു

കൊയിലാണ്ടി: പെട്രോമാക്സുകൾ മരത്തടികളിൽ പുനർജനിക്കുന്നു. ഒരു കാലത്ത് മലയാളികളുടെ ആഘോഷ വേളകൾ പ്രകാശ പൂരിതമാക്കിയിരുന്ന പെട്രോമാക്സുകൾ മരത്തടികളിൽ പുനർജനിക്കുന്നു. കീഴരിയൂർ നടുവത്തൂരിലെ ഉദ്യാനത്തിൽ കെ.സി. ബാബുവാണ് മരത്തിൽ ആകർഷകമായ പെട്രോമാക്സുകൾ നിർമിച്ച് വിൽപ്പന നടത്തുന്നത്. തകിടിനു പകരം മരവും മണ്ണെണ്ണയ്ക്കുപകരം സൂര്യപ്രകാശവുമാണ് ബാബു പെട്രോമാക്സിൽ ഉപയോഗിക്കുന്നത്. മണ്ണെണ്ണയ്ക്കു പകരം സോളാർ പാനലുപയോഗിച്ചാണ് പെട്രോമാക്സ് കത്തിക്കുന്നത്. വൈദ്യുതിയിലും വിളക്ക് കത്തിക്കാം. കോവിഡുകാല പ്രതിസന്ധി ഘട്ടത്തിലാണ് ഇലക്‌ട്രീഷ്യനായ ബാബു മരത്തടിയിൽ പെട്രോമാക്സ് നിർമിക്കാൻ തുടങ്ങിയത്.

സഹായികളായി മൂന്നുപേരെയുംകൂട്ടി ഒരു ചെറുകിട വ്യവസായ യൂണിറ്റായി നിർമാണം തുടങ്ങി. വീട്ടി, തേക്ക്, പ്ലാവ്, അയനി തുടങ്ങി ഉറപ്പേറിയ മരങ്ങൾ കടഞ്ഞെടുത്തും കൊത്തിയെടുത്തുമാണ് പെട്രോമാക്സ് നിർമിക്കുന്നത്. പോളിഷ് ചെയ്യാനും സോളാർ പാനൽ സ്ഥാപിക്കാനുമൊക്കെയായി മൂന്നുപേരെ ഒപ്പംകൂട്ടി. എഴുപതോളം പെട്രോമാക്സുകൾ നിർമിച്ചിരുന്നു. ഇതിൽ ഏറെയും വിറ്റുതീർന്നു. 4,600 രൂപ മുതൽ 6,800 രൂപവരെയാണ് വില. ആവശ്യമനുസരിച്ച് തടികൊണ്ട്‌ തീർത്ത പെട്രോമാക്സ് കൂടുതൽ ആകർഷകമാക്കാൻ പിച്ചളകൊണ്ടുള്ള കമനീയ പ്രവൃത്തികളും ചെയ്യുമെന്ന് ബാബു പറഞ്ഞു.

സോളാർ പാനൽ ഘടിപ്പിച്ച പെട്രോമാക്സ് പത്ത് മണിക്കൂറോളം കത്തുമെന്ന് ബാബു അവകാശപ്പെട്ടു. സോളാർ പാനൽ കേടായാൽ മുന്നൂറുരൂപയ്ക്ക് പകരം പാനൽ മാറ്റിയിടാൻ കഴിയും. പ്രദേശവാസികൾക്ക് തൊഴിൽനൽകി വ്യവസായ അടിസ്ഥാനത്തിൽ പെട്രോമാക്സ് നിർമിക്കാനാണ് ബാബു ആലോചിക്കുന്നത്. ടി.വി. നാരായണൻ ആചാരിയും ഫറോക്കിലെ വാസുവുമാണ് പെട്രോമാക്സ് നിർമിക്കാനുള്ള സാങ്കേതിക സഹായങ്ങൾ ബാബുവിന് നൽകുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *