KOYILANDY DIARY

The Perfect News Portal

32ൽ 17 സീറ്റും ഇടതിന്: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നേറ്റം

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മികച്ച മുന്നേറ്റം. സംസ്ഥാനത്തെ 32 തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ കുതിപ്പ്. 17 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. ഇതില്‍ മൂന്ന് വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തതാണ്. യുഡിഎഫ് 13 സീറ്റുകളിലും, ഒരു സീറ്റില്‍ ബിജെപിയും ഒരു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു. തിരുവനന്തപുരം, പാലക്കാട്, കോട്ടയം ജില്ലകളില്‍ കോണ്‍ഗ്രസിന് കയ്യിലുണ്ടായിരുന്ന സീറ്റുകള്‍ നഷ്ടമായി. ബിജെപിക്ക് കൊല്ലം ജില്ലയിലെ സിറ്റിംഗ് സീറ്റ് നഷ്ടമായി. ഇടുക്കിയില്‍ ഒരുവോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഒരുവാര്‍ഡ് നേടിയതാണ് ബിജെപിക്ക് ഏക ആശ്വാസം. മറ്റിടങ്ങളിലൊന്നും ബിജെപിക്ക്  നേട്ടമുണ്ടാക്കാനായില്ല. LDF ന്റെ മികച്ച വിജയം ഇടതുപക്ഷ ഭരണത്തിനുള്ള അംഗീകരമായി മാറി.

നിയമസഭാ തെരഞ്ഞെടുപ്പിനുശേഷവും ഇടതുപക്ഷമുന്നണിയുടെ ജനപ്രീതി വര്‍ധിക്കുന്നതിന്റെ സൂചനയായി തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം. കൂടുതൽ വോട്ടർമാരുള്ള ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ വന്‍വിജയം ഇത് തെളിയിക്കുന്നതാണ്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ്‌ ആറുമാസം പിന്നിട്ടപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിലാണ്‌ എൽഡിഎഫ്‌ നേടിയത്‌ മിന്നുന്ന വിജയം നേടിയത്‌. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലാ പഞ്ചായത്തുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ രണ്ടിടങ്ങളില്‍ സീറ്റ് നിലനിര്‍ത്തുക മാത്രമല്ല, ഭൂരിപക്ഷം വന്‍തോതില്‍ ഉയര്‍ത്തുകയും ചെയ്തു.

അരൂരില്‍ ചരിത്രമെഴുതി

Advertisements

ആലപ്പുഴ ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ എമ്മിലെ അനന്തു രമേശന്‍ ചരിത്ര വിജയമാണ് നേടിയത്. 10,063 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിനാണ് അനന്തു യുഡിഎഫിലെ കെ ഉമേശനെ പരാജയപ്പെടുത്തിയത്. ഡിവിഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ മൂന്നിരിട്ടയോളം ഭൂരിപക്ഷവും. ആകെ പോള്‍ ചെയ്ത 40837 വോട്ടുകളില്‍ അനന്തുവിന് 23751 വോട്ട് ലഭിച്ചപ്പോള്‍ കെ ഉമേശന് കിട്ടിയത് 13688 വോട്ട് മാത്രം. എന്‍ഡിഎ സ്ഥാനാര്‍ഥി കെ എം മണി ലാലിന് 2762 വോട്ട് ലഭിച്ചു. സ്വതന്ത്രനായി മത്സരിച്ച കൃഷ്ണകുമാര്‍ 277 നേടി. കഴിഞ്ഞ തവണ 3495 വോട്ടായിരുന്നു ഭൂരിപക്ഷം.

ആദ്യം മുതല്‍ വ്യക്തമായ മേല്‍ക്കൈ നേടിയായിരുന്നു അനന്തുവിന്റെ മുന്നേറ്റം. തപാല്‍ വോട്ടുകളായിരുന്നു ആദ്യം എണ്ണിയത്. 73 വോട്ടുകളില്‍ ഒരെണ്ണം അസാധുവായി. ഒന്നാം റൗണ്ടില്‍ 1254 വോട്ടു നേടി എല്‍ഡിഎഫ് ഭൂരിപക്ഷം 1289 ആയി ഉയര്‍ത്തി. രണ്ടാം റൗണ്ടില്‍ ഭൂരിപക്ഷം 2186 ആയി ഉയര്‍ന്നു. മൂന്നാം റൗണ്ട് കഴിഞ്ഞപ്പോള്‍ 2998, നാലാം റൗണ്ട് 4228, അഞ്ചാം റൗണ്ട് 5404, ആറാം റൗണ്ട് 6301, ഏഴ് 7162, എട്ട് 8159, ഒമ്പത് 9058, പത്ത് 9828, പതിനൊന്ന് 10,063 എന്നിങ്ങനെ ഭൂരിപക്ഷം ഉയര്‍ന്നു.

അരൂരില്‍ വിജയിച്ച സിപിഐ എമ്മിലെ ദെലീമ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണത്തെ ഡിവിഷന്‍ തെരഞ്ഞെടുപ്പില്‍  ദെലീമ യുഡിഎഫിലെ ടി എച്ച് സലാമിനെയാണ്‌ പരാജയപ്പെടുത്തിയത്.

എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായ അനന്തു രമേശന്‍ ഡിവൈഎഫ്‌ഐ അരൂര്‍ ബ്ലോക്ക്, സിപിഐ എം തുറവൂര്‍ ലോക്കല്‍ കമ്മിറ്റികളില്‍ അംഗമാണ്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിക്കുന്നു. ചേര്‍ത്തല എന്‍എസ്എസ് കോളേജ് യൂണിയന്‍ ചെയര്‍മാനുമായിരുന്നു. കെ ഉമേശന്‍ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയും യുഡിഎഫ് അരൂര്‍ നിയോജക മണ്ഡലം കണ്‍വീനറുമാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ തവണ മത്സര രംഗത്തുണ്ടായിരുന്ന ബിഡിജെഎസിലെ കെ എം മണിലാല്‍ ആണ് ഇത്തവണയും  മത്സരിച്ചത്.

കുതിപ്പ് തുടര്‍ന്ന് ശ്രീകൃഷ്ണപുരം

പാലക്കാട് ജില്ലാ പഞ്ചായത്ത് ശ്രീകൃഷ്ണപുരം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ശ്രീധരന്‍ ഉജ്വല വിജയം നേടി. 9270 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയം. കെ പ്രേംകുമാര്‍, എംഎല്‍എ ആയതിനെത്തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 7163 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു എല്‍ഡിഎഫ് വിജയം.


ഉപതെരഞ്ഞെടുപ്പില്‍ 21913 വോട്ടുകള്‍ കെ ശ്രീധരന് ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ഗിരീഷന് 12643 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി ബി ബിനോജിന് 3840 വോട്ടുകളും ലഭിച്ചു.

നന്മണ്ടയില്‍ ഇടത് തന്നെ

കോഴിക്കോട് ജില്ലയിലെ നന്മണ്ട ജില്ലാ ഡിവിഷന്‍ മികച്ച ലീഡോടെ എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി റസിയ തോട്ടായി 6766 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2020ല്‍ വിജയിച്ച കാനത്തില്‍ ജമീല എംഎല്‍എ ആയതോടെയാണ് ഇവിടെ ഒഴിവു വന്നത്.  8094 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കാനത്തില്‍ ജമീലയുടെ വിജയം. എന്നാല്‍ കഴിഞ്ഞതവണത്തേതിനേക്കാള്‍ വോട്ട്ശതമാനം ഇത്തവണ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുന്‍ തെരഞ്ഞെടുപ്പില്‍ 88% പോളിങ് രേഖപ്പെടുത്തിയപ്പോള്‍ ഉപതെരഞ്ഞെടുപ്പില്‍ 62.5% ആയി പോളിങ് കുറഞ്ഞു.

മഹിളാ അസോസിയേഷന്‍ കക്കോടി ഏരിയാ സെക്രട്ടറിയും, സിപിഐ എം കക്കോടി ഏരിയാ കമ്മറ്റി അംഗവുമാണ് റസിയ. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കാക്കൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ ജമീലയും, ബി ജെ പി സ്ഥാനാര്‍ത്ഥിയായി എലത്തൂര്‍ നിയോജകമണ്ഡലം സെക്രട്ടറി ഗിരിജ വലിയ പറമ്പിലുമാണ് മത്സരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *