KOYILANDY DIARY

The Perfect News Portal

മലേറിയ ബാധിച്ച്‌ വിദേശത്തുനിന്നെത്തിയ മലയാളി യുവാവ് മരിച്ചു

പാലാ: മലേറിയ ബാധിച്ച്‌ വിദേശത്തുനിന്നെത്തിയ മലയാളി യുവാവ് മരിച്ചു. സൗത്താഫ്രിക്കയില്‍ ജോലി ചെയ്യവെ കഴിഞ്ഞ മൂന്നിന് നാട്ടിലെത്തിയ പാലക്കാട് സ്വദേശി ജയകുമാറാണ്(43) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. ജയകുമാര്‍ വര്‍ഷങ്ങളായി കിടങ്ങൂര്‍ പിറയാറിലുള്ള ഭാര്യാഗൃഹത്തിലായിരുന്നു താമസം.

ജയകുമാറിനൊപ്പം സൗത്താഫ്രിക്കയില്‍ ജോലി ചെയ്തിരുന്ന കിടങ്ങൂരിലുള്ള യുവാവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജയകുമാറിന്റെ ബന്ധുവും ഇവര്‍ക്കൊപ്പം നാട്ടിലെത്തിയിരുന്നു. ഇയാളുടെ കുടുംബാംഗങ്ങളും മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ മൂന്നാംതീയതിയാണ് ജയകുമാര്‍ നാട്ടിലെത്തിയത്.

ശാരീരികാസ്വസ്ഥതകളെത്തുടര്‍ന്ന് നാലാംതീയതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവ് അഞ്ചിന് രാവിലെ പതിനൊന്നരയോടെയാണ് മരണമടഞ്ഞത്. ആറിന് സംസ്കാരം നടത്തി. ഭാര്യയും ഇരട്ട കുട്ടികളുമടങ്ങുന്നതാണ് നിര്‍ധനനായ ജയകുമാറിന്റെ കുടുംബം.

Advertisements

ആറുമാസം മുമ്ബാണ് മരപ്പണിക്കായി ജയകുമാറും ബന്ധുവും സുഹൃത്തുക്കളും ജോലിക്ക് പോയത്. മലേറിയ സ്ഥിരീകരണത്തെത്തുടര്‍ന്ന് കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ കീഴിലുള്ള മലേറിയ നിര്‍മാര്‍ജ്ജനവകുപ്പ്, കൂടല്ലൂര്‍ പി എച്ച്‌ സി എന്നിവിടങ്ങളില്‍നിന്നുളള മെഡിക്കല്‍ സംഘം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുകയും വെക്ടര്‍ കണ്‍ട്രോള്‍ എന്‍ടോമോളജിസ്റ്റ് ഡോ. ഗീതയുടെ നേതൃത്വത്തില്‍ പ്രദേശത്ത് പഠനം നടത്തി മലേറിയ പടരാനുള്ള സാഹചര്യം ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തതായി ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു.

പ്രദേശത്ത് ബോധവത്കരണവും നടത്തി. അടുത്ത ദിവസം ഫോഗിംഗും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഏതെങ്കിലുംതരത്തിലുള്ള ശാരീരികാസ്വാസ്ഥ്യങ്ങള്‍ ആര്‍ക്കെങ്കിലുമുണ്ടായാല്‍ ആരോഗ്യകേന്ദ്രത്തില്‍ എത്താനും ആരോഗ്യവകുപ്പധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *