KOYILANDY DIARY

The Perfect News Portal

പശുവിന്റെ വയറ്റില്‍ നിന്നും 80 കിലോ പ്ലാസ്റ്റിക്ക് നീക്കം ചെയ്തു

വീട്ടിലെ മാലിന്യങ്ങള്‍ ഒരു കവറിലാക്കി വഴിയരികില്‍ തള്ളുന്നത് നമ്മുടെ നാട്ടുകാരുടെ ഒരു പ്രത്യേക ഹോബിയാണ്. ഇത് തടയാന്‍ പലവിധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടും ഇതിനൊരു അറുതി വരുത്താന്‍ സാധിച്ചിട്ടില്ല. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എത്രത്തോളം ദോഷമാണെന്ന് പറഞ്ഞ് പഠിപ്പിച്ചാലും ആളുകള്‍ മനസ്സിലാക്കാന്‍ തയ്യാറുമല്ല. ബിഹാറിലെ പാട്നയില്‍ പശുവിന്റെ വയറ്റില്‍ നിന്നും 80 കിലോ പ്ലാസ്റ്റിക്കാണ് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത്.

പ്ലാസ്റ്റിക് കവറുകള്‍ എത്രത്തോളം ദോഷം ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. മാലിന്യങ്ങളില്‍ നിന്നും ഭക്ഷണം തേടുന്ന പാവം മിണ്ടാപ്രാണികളാണ് ഈ പ്ലാസ്റ്റിക് കുരുക്കില്‍ പെടുന്നത്. ബിഹാര്‍ വെറ്റിനറി കോളേജില്‍ മൂന്ന് മണിക്കൂര്‍ നേരത്തെ സര്‍ജറിക്കൊടുവിലാണ് ആറ് വയസ്സുള്ള പശുവിന്റെ വയറില്‍ നിന്നും ഈ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തത്.

നാല് മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകളാണ് ഭൂരിഭാഗവുമെന്ന് സര്‍ജറി & റേഡിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജിഡി സിംഗ് വ്യക്തമാക്കി. തന്റെ പ്രൊഫഷണല്‍ ജീവിതത്തില്‍ ഇതാദ്യമായാണ് ഒരു പശുവിന്റെ വയറില്‍ 80 കിലോയിലധികം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കിയതെന്നും ഇദ്ദേഹം പറയുന്നു. പശു ഭക്ഷണം കഴിക്കാതെ വന്നതോടെയാണ് ഉടമ ഇതിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. പരിശോധനയില്‍ പ്ലാസ്റ്റിക്കാണ് വില്ലനെന്ന് തിരിച്ചറിയുകയായിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *