KOYILANDY DIARY

The Perfect News Portal

നാദാപുരത്ത് വീടുകള്‍ക്കുനേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം

നാദാപുരം >  വളയം മാമുണ്ടേരിയില്‍ രണ്ട് വീടുകള്‍ക്കുനേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. കോമ്പിമുക്കിലെ നോക്കയ്യന്റവിട കണാരന്‍, മാമുണ്ടേരിയിലെ തയ്യുള്ളതില്‍ അമ്മദ് എന്നിവരുടെ  വീടുകള്‍ക്കുനേരെയാണ് ബോംബേറുണ്ടായത്.

ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സിപിഐ എം പ്രവര്‍ത്തകന്‍ കണാരന്റെ വീട് ആക്രമിച്ചത്. മദ്യക്കുപ്പിയില്‍ മണ്ണെണ്ണയും തുണിയും നിറച്ച് തീ കൊടുത്ത് വീടിനുനേരെ എറിയുകയായിരുന്നു. കുപ്പി മുന്‍ഭാഗത്തെ ഗ്രില്ലില്‍ പതിച്ച് പൊട്ടിത്തെറിച്ച് തീ ആളിക്കത്തി. കല്ലേറില്‍ വീടിന്റെ സണ്‍ഷെയ്ഡിന് തകരാര്‍ സംഭവിച്ചു. ശബ്ദം കേട്ടുണര്‍ന്ന വീട്ടുകാര്‍ തീയണക്കുകയായിരുന്നു. വീടിന്റെ ചുമരുകള്‍ കരിപിടിച്ചനിലയിലാണ്.സംഭവത്തിന് ശേഷം റോഡില്‍നിന്ന് ബൈക്ക് ഓടിച്ച് പോകുന്ന ശബ്ദം കേട്ടതായി വീട്ടുകാര്‍ പൊലീസിന് മൊഴിനല്‍കി.

മാമുണ്ടേരിയില്‍ തയ്യുള്ളതില്‍ അമ്മദിന്റെ വീടിനുനേരെ പുലര്‍ച്ചെ രണ്ടരയോടെ ബോംബേറുണ്ടായി. നാടന്‍ ബോംബാണ് അക്രമത്തിന് ഉപയോഗിച്ചത്. സ്ഫോടന സ്ഥലത്തുനിന്ന് ചാക്ക് നൂലിന്റെയും കടലാസ് കഷ്ണങ്ങളുടെയും അവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെത്തി. വെള്ളിയാഴ്ച മാമുണ്ടേരിയില്‍ ബോംബേറുണ്ടായതിനെ തുടര്‍ന്ന് വളയം എസ്ഐയുടെ അധ്യക്ഷതയില്‍ പൊലീസ് സ്റ്റേഷനില്‍ പ്രാദേശികാടിസ്ഥാനത്തില്‍ ചേര്‍ന്ന സമാധാന യോഗം സര്‍വകക്ഷി സമാധാനത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും ബോംബേറുണ്ടായത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *