KOYILANDY DIARY

The Perfect News Portal

ജെ സി ഡാനിയേല്‍ പുരസ്കാരം; പ്രശസ്ത സംവിധായകന്‍ കെ. ജി ജോര്‍ജിന്

തിരുവനന്തപുരം :  പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ. ജി ജോര്‍ജിന് ജെ സി ഡാനിയേല്‍ പുരസ്കാരം. മലയാളസിനിമയ്ക്ക് അദ്ദേഹം നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് അവാര്‍ഡ്. ഒരുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ഒക്ടോബര്‍ 15ന് പാലക്കാട്ട് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.

ഐ. വി ശശി ചെയര്‍മാനും സിബി മലയില്‍, ജി പി വിജയകുമാര്‍, കമല്‍, റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരനിര്‍ണയം നടത്തിയത്. മലയാള ചലച്ചിത്രരംഗത്ത് വിപ്ളവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ചലച്ചിത്രപ്രതിഭയാണ് കെ ജി ജോര്‍ജ്. മികച്ച മലയാളം ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ  പുരസ്കാരവും ഒമ്പത് സംസ്ഥാന പുരസ്കാരങ്ങളും ജോര്‍ജിനെ തേടിയെത്തി. സ്വപ്നാടനം, യവനിക, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപാലം, ഇരകള്‍ ഉള്‍പ്പെടെ പ്രേക്ഷകമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മികച്ച ചിത്രങ്ങള്‍ ജോര്‍ജിന്റേതായുണ്ട്. ജെ സി ഡാനിയേലിന്റെ പേരില്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി ഏര്‍പ്പെടുത്തിയ പുരസ്കാരം 1992 മുതല്‍ 2014 വരെ 22 പേര്‍ക്ക് നല്‍കിയിട്ടുണ്ട്.